ബെംഗളൂരു : കോവിഡ് ബാധിച്ചവരിലും അവരുടെ കുടുംബാംഗങ്ങളിലും ക്ഷയരോഗ പരിശോധന കൂടി നടത്തണമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ കെ സുധാകർ. കോവിഡ് അണുബാധയിൽ നിന്ന് കരകയറിയ 28 ലക്ഷത്തിലധികം ആളുകൾ സംസ്ഥാനത്തുണ്ട്. കോവിഡ്, ടിബി എന്നിവ ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ, വൈറസിൽ നിന്ന് സുഖം പ്രാപിച്ച ആളുകളിൽ ക്ഷയരോഗം നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം ആഗസ്റ്റ് 16 മുതൽ 31 വരെയാണ് ക്ഷയരോഗ പരിശോധന നടത്തുന്നത്. 2017 മുതൽ 75 ലക്ഷം പേർക്കാണ് ക്ഷയരോഗം ബാധിച്ചതെന്ന് സംശയിക്കുന്നത്. 88 ശതമാനം പേർക്ക് പരിശോധന നടത്തുകയും ചെയ്തു. ഏകദേശം 3.9 ശതമാനം പേർക്ക് ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2025 ഓടെ ഇന്ത്യയെ ക്ഷയരോഗത്തിൽ നിന്ന് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിനാൽ സംസ്ഥാന സർക്കാർ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും സുധാകർ വ്യക്തമാക്കി.
Post Your Comments