മുംബൈ : ആൺകുട്ടി വേണമെന്ന ഭർത്തൃവീട്ടുകാരുടെ ആഗ്രഹപ്രകാരം 40 കാരിയെ എട്ട് തവണ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി. മുംബൈയിലെ ദാദറിലാണ് സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി 1500 തവണയിലധികം തനിക്ക് സ്റ്റിറോയ്ഡ് കുത്തിവെച്ചതായും മുൻ ജഡ്ജിയുടെ മകൾ കൂടിയായ 40- കാരി പരാതിയിൽ പറയുന്നു.
2007 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഭർത്താവും ഭർതൃമാതാവും അഭിഭാഷകരാണ്.
എന്നാൽ കല്യാണം കഴിഞ്ഞത് മുതൽ ഭർത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ആൺകുഞ്ഞ് വേണമെന്ന് പറഞ്ഞ് മർദ്ദിച്ചതായും യുവതി പറഞ്ഞു. കുടുംബത്തെയും കുടുംബസ്വത്തുക്കളെയും സംരക്ഷിക്കാൻ ആൺകുഞ്ഞ് വേണമെന്ന് പറഞ്ഞ് എട്ട് തവണ തന്നെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.
2009-ൽ ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. 2011 ൽ വീണ്ടും ഗർഭിണിയായതോടെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി. പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭർത്താവ് നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിപ്പിക്കുകയായിരുന്നു. ഗർഭം ധരിക്കുന്നതിന് മുൻപ് ഭ്രൂണം ആണാണോ അതോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നതിന് ചികിത്സയും ശസ്ത്രക്രിയയും നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി 1500 തവണയാണ് സ്റ്റിറോയ്ഡ് കുത്തിവെച്ചത് എന്നും യുവതി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments