തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗ മുന്നൊരുക്കങ്ങളുടെ ഭാഗമായി 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകളും ഐസിയുകളും സജ്ജമാക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 60 ശതമാനവും 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
‘490 ഓക്സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്.ഡി.യു. കിടക്കകൾ, 96 ഐ.സി.യു. കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളിൽ ഐസിയു, ഓക്സിജൻ കിടക്കകൾ വർധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന്’ മന്ത്രി വിശദമാക്കി.
‘സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂം സന്ദർശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. കോവിഡ് പ്രതിരോധത്തിന് ആത്മാർത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നുവെന്ന്’ മന്ത്രി പറഞ്ഞു.
‘ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ കൺട്രോൾ റൂമിൽ പ്രവർത്തിച്ചു വരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൽ, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകൾ, വാക്സിനേഷൻ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കൺട്രോൾ റൂമിലാണ് നടക്കുന്നതെന്നും’ വീണാ ജോർജ് കൂട്ടിച്ചേർത്തു.
Read Also: കൊല്ലം കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകം, ഭര്‍ത്താവ് നിസാം പിടിയിൽ: കാരണം കേട്ട് ഞെട്ടി പോലീസ്
Post Your Comments