KeralaLatest NewsNews

ഇനി മുസ്ലിംലീഗിനെ രക്ഷിക്കാൻ പടച്ചവന് പോലും പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഹരീഷ് വാസുദേവൻ

തിരുവനന്തപുരം : എം‌.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്ലീം ലീഗ് മരവിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ‘ഹരിത’ എന്ന സ്ത്രീ കൂട്ടായ്മ മരവിപ്പിച്ച മുസ്ലിംലീഗിനെ രക്ഷിക്കാൻ പടച്ചവന് പോലും പറ്റുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also : അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ വർക്ക് ഔട്ട് നടത്തി താലിബാൻ ഭീകരർ : വീഡിയോ പുറത്ത് 

‘പിന്തിരിപ്പന്മാർ എന്നു നാം കരുതുന്ന അഫ്ഗാൻ പാർലമെന്റിൽ പോലും 25% ലധികം സ്ത്രീ പ്രതിനിധികൾ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലോ? കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാത്ത എല്ലാ പ്രസ്ഥാനങ്ങളും തകർന്നിട്ടേയുള്ളൂ. സ്വയം ഓഡിറ്റിന് തയ്യാറാകുന്നില്ലെങ്കിൽ ‘ഹരിത’ എന്ന സ്ത്രീ കൂട്ടായ്മ മരവിപ്പിച്ച മുസ്ലിംലീഗിനെ രക്ഷിക്കാൻ പടച്ചവന് പോലും പറ്റുമെന്ന് തോന്നുന്നില്ല’, ഹരീഷ് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

സ്ത്രീവിരുദ്ധ മുസ്ലിംലീഗ് രാഷ്ട്രീയം.

മുസ്ലിംലീഗിലും യൂത്ത്ലീഗിലും ഒക്കെ സുഹൃത്തുക്കളുണ്ട്. കോഴിക്കോട് പഠിച്ച കാലം മുതലുള്ളവർ. നേതൃത്വത്തിലോ പ്രവർത്തനത്തിലോ ഒരു സ്ത്രീയെ പോലും കാണാറില്ല, കേരളാ കോണ്ഗ്രസ് പാർട്ടികളെ പോലെ ആണുങ്ങളുടെ കൂട്ടം എന്നേ തോന്നിയിട്ടുള്ളൂ. ഇവരുടെയൊക്കെ ജീവിതങ്ങളിലും വീടുകളിലും ഒക്കെ സ്ത്രീകൾ പുരുഷന് കീഴെയോ താഴെയോ ഒതുങ്ങിയാണ് എന്നതിൽ അവർക്കൊരു തെറ്റും തോന്നാറില്ല.

“ആൺകുട്ടി” എന്ന് നേതാവിനേപ്പറ്റി മുദ്രാവാക്യം വിളിക്കുന്ന കൂട്ടരാണ്.
തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ പരിപാടിയിൽ പോയി അത്ഭുതപ്പെട്ടിട്ടുണ്ട്. കാണാൻ ഇരിക്കുന്ന ഓഡിയൻസിൽ സ്ത്രീകളെ പ്രത്യേകം മറകെട്ടി തിരിച്ചാണ് ഇരുത്തുക. ചിലപ്പോൾ ദൂരെ വല്ല കെട്ടിടത്തിനു മുകളിലോ വീടിനു മുകളിലോ ഒക്കെ സീറ്റിട്ട് ആണ് സ്ത്രീകളെ ഇരുത്തുക.. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് എന്നു വണ്ടറടിക്കും, പിന്നെപ്പിന്നെ ആ കാഴ്ച ശീലമായി.

ഞാൻ ലോകോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി, MSF നു വനിതാ വിഭാഗം തുടങ്ങി കണ്ടതും, അവരൊക്കെ തേഞ്ഞിപ്പലത്തെ സംസ്ഥാന സമ്മേളനത്തിൽ ആക്ടീവായി പങ്കെടുക്കുന്നത് കണ്ടതും.. രാത്രി നമസ്കാരത്തിന് പ്രത്യേക സംവിധാനം, മതപരമായ എല്ലാ നിയമങ്ങളും പാലിച്ചൊക്കെ ആണ് അതും.

മറ്റു വല്ല പാർട്ടിയിലും ആണെങ്കിൽ, ആ സ്ത്രീ പങ്കാളിത്തം ആഘോഷിക്കും.. ചരിത്ര നേട്ടമാക്കും.. മുസ്ലിംലീഗിൽ പക്ഷെ, വലിയ വിവാദമായി. ചില പിന്തിരിപ്പന്മാർ വാളെടുത്തു. സ്ത്രീകൾ പൊതുപരിപാടിയിൽ പുരുഷന്മാരോട് ഒപ്പം രാത്രി പങ്കെടുക്കുകയോ !! പടച്ചോനെ !!

വ്യഭിചാരമായോ മതവിരുദ്ധമായോ മാത്രമേ ചിലർക്കിത് കാണാനാകൂ എന്നതാണ് അവരുടെ പ്രശ്നം. സ്ത്രീ എന്നാൽ സെക്സിനോ വീട്ടുപണിക്കോ രണ്ടിനും കൂടിയോ ഉള്ള ഒരു ആളുകളാണ് എന്ന ചിന്തയല്ലേ, ഏറിയോ കുറഞ്ഞോ ഇത്തരം ആണധികാര രാഷ്ട്രീയ പാർട്ടികളുടെ ചിന്ത??? അവരുടെ പരിപാടികളും സ്ത്രീകളോടുള്ള നിലപാടും കാണുമ്പോൾ അങ്ങനെ തോന്നിപ്പോകും. ഒരു വനിതാ നേതാവിന് സീറ്റ് കൊടുത്ത് മത്സരിപ്പിക്കുന്നത് വരെയൊക്കെ ലീഗ് വളർന്നത് വലിയ നേട്ടമായിട്ടു കണ്ട് സന്തോഷിച്ചവനാണ് ഞാൻ.
മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ആദ്യം വേണ്ടത് സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസവും സ്വാതന്ത്ര്യവും തുല്യതയും ആണെന്ന് ലീഗിനും ലീഗിന്റെ വോട്ടർമാർക്കും മനസ്സിലാകാൻ ഇനിയും എത്ര പതിറ്റാണ്ട് കഴിയേണ്ടി വരും??

‘ഹരിത’ എന്ന MSF ലെ വനിതാ വിഭാഗം ഒരു പുരുഷ നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി വനിതാ കമ്മീഷന് കൊടുത്തപ്പോൾ, വനിതാ വിഭാഗം തന്നെ മരവിപ്പിച്ചു എന്ന് വാർത്ത കാണുന്നു. സ്ത്രീപ്രാതിനിധ്യം കൂട്ടേണ്ട പാർട്ടി സ്ത്രീവിഭാഗം മരവിപ്പിച്ചു എന്ന് !!

സ്ത്രീവിരുദ്ധരായ പൗരോഹിത്യം വ്യാഖ്യാനിക്കുന്ന മതത്തിന്റെ യുക്തിയിൽ മാത്രം ജീവിക്കുന്ന മനുഷ്യർക്ക് മുസ്ലിംലീഗ് എന്ന പാർട്ടി ചെയ്തതിൽ വലിയ തെറ്റു തോന്നില്ല. എന്നാൽ വിദ്യാഭ്യാസം നേടി പുരുഷന് ഒപ്പമോ മുകളിലോ ജീവിതവിജയം നേടുന്ന പുതുതലമുറ മുസ്ലിം സ്ത്രീകൾക്ക് മുന്നിലും, അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിനു മുന്നിലും ആ പാർട്ടി അപഹാസ്യമാകും..

ജെണ്ടർ രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കുറ്റവും കുറവുമുണ്ട്. ഗൗരിയമ്മയെ സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത CPIM നെ ഓഡിറ്റ് ചെയ്ത ഇടതുപക്ഷ അണികളേക്കൊണ്ട് കയ്യടിപ്പിക്കാൻ, ആര്യ രാജേന്ദ്രന്മാരെ അധികാരമേൽപ്പിക്കുന്നു അവർ.

എത്ര പാർട്ടികൾ സ്ത്രീകൾക്ക് പാർട്ടിയിൽ അർഹമായ അംഗീകാരം നൽകുന്നുണ്ട്?
ജെണ്ടർ സെൻസിറ്റീവിറ്റിയിൽ ഏറ്റവും പിന്നിലായ പാർട്ടികളിൽ ഒന്നായി മുസ്ലിംലീഗ് മാറുന്നത് അവരുടെ നേതാക്കളെയും അണികളെയും നാണിപ്പിക്കേണ്ടതല്ലേ? സ്ത്രീകളും തുല്യ പങ്കാളിത്തത്തോടെ പാർട്ടി നേതൃത്വങ്ങളിൽ ഉണ്ടാകണം. എന്ത് മെസേജാണ് ലീഗിലെ ഈ വിഷയം സ്ത്രീകൾക്ക് നൽകുന്നത്?

ഈ വിഷയത്തിൽ ആരോഗ്യകരമായ ഒരു ഉൾപ്പാർട്ടി ചർച്ച അവർക്കുള്ളിൽ തുടങ്ങേണ്ടതല്ലേ?

ഈ ചോദ്യം മുസ്ലിംലീഗിലെ സുഹൃത്തുക്കൾ കണ്ണാടിയിൽ നോക്കി അവനവനോടും, വെച്ചു വിളമ്പി തരുന്ന വീട്ടിലെ സ്ത്രീകളോടും ചോദിക്കുന്നത് നന്നാകും.

പിന്തിരിപ്പന്മാർ എന്നു നാം കരുതുന്ന അഫ്ഗാൻ പാർലമെന്റിൽ പോലും 25% ലധികം സ്ത്രീ പ്രതിനിധികൾ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലോ? കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാത്ത എല്ലാ പ്രസ്ഥാനങ്ങളും തകർന്നിട്ടേയുള്ളൂ. മേൽപ്പറഞ്ഞ സ്വയം ഓഡിറ്റിന് തയ്യാറാകുന്നില്ലെങ്കിൽ ‘ഹരിത’ എന്ന സ്ത്രീ കൂട്ടായ്മ മരവിപ്പിച്ച മുസ്ലിംലീഗിനെ രക്ഷിക്കാൻ പടച്ചവന് പോലും പറ്റുമെന്ന് തോന്നുന്നില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button