Latest NewsKeralaNews

അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം, അറുപഴഞ്ചന്‍ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന തീവ്രവാദികളാണ് താലിബാന്‍ : എ.എ. റഹിം

 

കോഴിക്കോട് : അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും താലിബാനെ തള്ളിപ്പറഞ്ഞും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹിം. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങള്‍ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാനെന്ന് എ എ റഹീം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം താലിബാനെതിരെ രംഗത്ത് വന്നത്. അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച മാനവ സൗഹൃദ സദസുകള്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുമെന്നും എ.എ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Read Also : ഇനിയുള്ള നാളുകൾ സമാധാനത്തിന്റേത്, എത്ര മനോഹരമായിട്ടാണ് താലിബാൻ അഫ്‌ഗാൻ കീഴടക്കിയത്: മലയാളിയുടെ വീഡിയോ..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ ഹൃദയം പിളര്‍ക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്നും പുറത്തുവരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടുപോകുന്ന അഫ്ഗാന്‍ ജനങ്ങളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങള്‍ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാന്‍’ .

‘ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിനും, ലിംഗനീതിക്കും എതിരായ സമീപനമാണ് താലിബാന്റേത്. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല താലിബാന്റെ കാഴ്ചപ്പാടുകള്‍. നജീബുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സോവിയറ്റ് വിരുദ്ധതയിലൂന്നി അമേരിക്ക സൃഷ്ടിച്ചതാണ് താലിബാന്‍. ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളര്‍ത്തുന്നതും സാമ്രാജ്യത്വം തന്നെയാണ’ ്.

‘ 2001 മുതല്‍ അഫ്ഗാനില്‍ അമേരിക്ക പിടിമുറുക്കിയത് താലിബാനെ ഇല്ലാതാക്കാനെന്നായിരുന്നു അവര്‍ വാദിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ താലിബാന്‍ അധികാരം നേടിയിരിക്കുന്നു’ .

‘ താലിബാനെ അധികാരം ഏല്‍പ്പിച്ചുമടങ്ങാന്‍ അമേരിക്കയ്ക്ക് യാതൊരു മടിയും ഉണ്ടായില്ല. ജനാധിപത്യവും സമാധാനവുമല്ല അമേരിക്ക ആഗ്രഹിക്കുന്നത്, അസ്വസ്ഥതയും യുദ്ധങ്ങളുമാണ്.
മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉല്‍പന്നമാണ്. താലിബാന്‍ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയര്‍ത്തണം. സങ്കുചിത മതരാഷ്ട്രവാദം ലോകത്തെവിടെയും ജനാധിപത്യ നീക്കങ്ങളെ അട്ടിമറിക്കും. അത് ലോകത്ത് അസ്വസ്ഥത വളര്‍ത്തും. ഉയര്‍ന്ന മാനവിക മൂല്യങ്ങളെ അത് അപ്രാപ്യമാക്കും’ .

‘ ലോകത്താകെ വിഭാഗീയത വളര്‍ത്താനും വംശീയവെറി വ്യാപിപ്പിക്കാനും സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. സാമ്രാജ്യത്വം തുലയട്ടെ, താലിബാന്‍ ഭീകരത തുലയട്ടെ. അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ആഗസ്റ്റ് 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ബ്ലോക്ക് കേന്ദ്രങ്ങളില്‍ മാനവ സൗഹൃദ സദസുകള്‍ സംഘടിപ്പിക്കും’ – എ.എ.റഹിം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button