ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വിമാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര യാത്രക്ക് തയാറാകാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം. കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് അഫ്ഗാനിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്നത്.
താലിബാന്‍ സേന തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച ഞായറാഴ്ച വൈകുന്നേരം തന്നെ 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ചയും സര്‍വീസ് നടത്തുമെന്നും ഡല്‍ഹി-കാബൂള്‍-ഡല്‍ഹി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പദ്ധതിയില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം 40 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക് പറന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.45ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയാണ് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ അനുമതി ലഭിച്ചത്.
Post Your Comments