കാബൂള്‍: 2021 മെയ് മാസത്തിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന് വിടുമെന്ന് പ്രഖ്യാപിച്ചത് . ഈ പ്രഖ്യാപനത്തോടെ അഫ്ഗാനില്‍ ചിതറി കിടന്നിരുന്ന താലിബാന് ഒന്നിക്കുകയും സംഘടിക്കുകയും ചെയ്തു. ആദ്യം അവര്‍ ഗ്രാമങ്ങളില്‍ പതിയെ അധികാരം സ്ഥാപിക്കാന്‍ തുടങ്ങി. പിന്നീട് ചെറിയ പട്ടണങ്ങളിലേക്ക് കടന്നു. തുടര്‍ന്ന് വന്‍ നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും മസാറെ ശെരീഫുമെല്ലാം താലിബാന് സംഘം പിടിച്ചെടുത്തു. ഞായറാഴ്ച അഫ്ഗാന് തലസ്ഥാന നഗരമായ കാബൂളും നിയന്ത്രണത്തിലാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് താലിബാന്‍കാര്‍ എത്തിയതോടെ പ്രസിഡന്റ് അഷ്റഫ് ഗനി താജിക്കിസ്താനിലേക്ക് കടന്നു. ഭരണം പൂര്‍ണമായി താലിബാന് പിടിക്കുകയും ചെയ്തു.
ഇപ്പോള്‍ അധികാര കൈമാറ്റ നടപടികളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഈ വേളയില്‍ എല്ലാവര്ക്കും അറിയേണ്ടത്, ആരാണ് താലിബാനെ നയിക്കുന്നത് എന്നാണ്. നാല് പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ളത് നാലുപേര്‍ക്കാണ്. ഇവരെ കുറിച്ച് പുറംലോകത്തിന് അത്ര പരിചയമില്ല. താലിബാന് നേതാക്കളില്‍ മിക്കവരും വലിയ ജനക്കൂട്ടത്തിന് മുമ്പില്‍ എത്തിയ ഫോട്ടോകള്‍ കുറവാണ്. 1996 മുതല്‍ 2001 വരെ അഫ്ഗാന് ഭരിച്ച വേളയിലും അങ്ങനെതന്നെ.
ഹൈബത്തുല്ല അഖുന്തസാദ എന്ന വ്യക്തിയാണ് താലിബാന്റെ ഏറ്റവും മുതിര്‍ന്ന നേതാവ്. സുപ്രീം ലീഡര്‍ എന്നാണ് മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 2016ല്‍ അന്നത്തെ നേതാവ് മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഹൈബത്തുല്ലയെ തിരഞ്ഞെടുത്തത്. അതുവരെ പൊതുരംഗത്ത് തീരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നേതാവായിരുന്നു ഹൈബത്തുല്ല.
താലിബാന്റെ മറ്റൊരു പ്രധാന നേതാവാണ് അബ്ദുല്‍ ഗനി ബറാദര്‍. താലിബാന്റെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം. താലിബാന്റെ ശക്തി കേന്ദ്രമായ കാണ്ഡഹാര്‍ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 1970കളിലെ സോവിയറ്റ് അധിനിവേശ കാലത്താണ് ബറാദര്‍ ആയുധമെടുത്തത്. അഫ്ഗാനിലെ മിക്ക നേതാക്കളും ഇക്കാലത്ത് തന്നെയാണ് യുദ്ധമുഖത്തേക്ക് ഇറങ്ങുന്നത്. അതില്‍ പ്രമുഖനാണ് ബറാദര്‍. താലിബാന് സ്ഥാപകന്‍ മുല്ല ഉമറിന്റെ വലംകൈ ആയിരുന്നു ബറാദര്‍. സോവിയറ്റ് സൈന്യം പിന്മാറിയതോടെ അഫ്ഗാന് പൂര്‍ണമായും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയ 1990കളില്‍ ഇരുവരും ചേര്‍ന്നാണ് താലിബാന് രൂപീകരിച്ചത്. 1996ല്‍ ഇവര്‍ അഫ്ഗാന്റെ ഭരണം നിയന്ത്രണത്തിലാക്കി. 2001ല്‍ അമേരിക്കന്‍ സൈന്യം അധിനിവേശം തുടങ്ങിയതോടെ താലിബാന് ഭരണം അവസാനിച്ചു.
താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് ഖത്തറിലെ ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുമായി ചര്‍ച്ചകള്‍ നടന്നത് ഖത്തറില്‍ വച്ചായിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബറാദറും സംഘവുമാണ്. അമേരിക്കയുമായി കരാറുണ്ടാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി പുറത്താക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബറാദര്‍ കാബൂളിലെത്തിയതും താലിബാന് പതാക കൊട്ടാരത്തില്‍ നാട്ടിയതും.
സിറാജുദ്ദീന് ഹഖാനിയാണ് താലിബാന്റെ മറ്റൊരു പ്രധാന നേതാവ്. ഇദ്ദേഹം ഹഖാനി ശൃംഖല എന്ന സംഘത്തിന്റെയും നേതാവാണ്. അമേരിക്കന്‍ സൈന്യത്തിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയത് സിറാജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. അമേരിക്ക ഭീകര പട്ടികയില്‍ പെടുത്തിയ സംഘമാണ് ഹഖാനി ശൃംഖല. സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധം നയിച്ച ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്.
താലിബാന്റെ മറ്റൊരു നേതാവാണ് മുല്ല യാക്കൂബ്. താലിബാന് സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനാണ് ഇദ്ദേഹം. സൈനിക കമ്മീഷന്റെ നേതാവാണ്. സൈനിക വിഭാഗത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കമ്മീഷന്റെ ജോലി. സൈനികമായ ചുമതലകള്‍ വീതംവയ്ക്കലും മുല്ലാ യാക്കൂബിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ്. അമേരിക്കന്‍ സൈന്യത്തിനെതിരായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ മുല്ലാ യാക്കൂബിന് മുഖ്യപങ്കുണ്ടായിരുന്നു.
ഈ നാല് നേതാക്കള്‍ക്ക് കീഴിലാണ് താലിബാന് തന്ത്രങ്ങള്‍ ആവിഷ്കരിച്ചതും അഫ്ഗാന്റെ ഭരണം തിരിച്ചുപിടിച്ചതും.
Post Your Comments