തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനിലെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. രാവിലെ 11 മണിയോടെ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തും.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോവളം റാവിസ് ഹോട്ടലിലാണ് യോഗം നടക്കുക. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ശിശു ആരോഗ്യ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. പ്രദീപ് ഹല്‍ദാര്‍, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത്ത് സിംഗ് എന്നിവര്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. യോഗത്തിന് ശേഷം ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഓഫീസ് മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കും. ഇവിടെ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം രാത്രി ഏഴിന് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. 9.30ഓടെ കേന്ദ്രമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
Post Your Comments