കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിട്ടത് നിറയെ പണവുമായാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ എംബസി വക്താവ് നികിത ഐഷെന്‍കോയാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഭരണം നഷ്ടപ്പെട്ട് ഗാനി രാജ്യം വിട്ടത് പ്രത്യേക രീതിയിലാണെന്നും നാല് കാറുകള്‍ നിറയെ പണവുമായാണ് അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയതെന്നുമാണ് റഷ്യന്‍ എംബസി വക്താവ് വെളിപ്പെടുത്തുന്നത്.
‘നാല് കാറുകള്‍ നിറയെ പണവുമായാണ് അഷ്റഫ് ഗാനി നാടുവിട്ടത് എന്നത് വലിയ പ്രത്യേകതയാണ്. പണം മുഴുവന്‍ ഹെലികോപ്റ്ററില്‍ നിറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും മുഴുവന്‍ അതില്‍ കൊള്ളാത്തതിനെ തുടര്‍ന്ന് ബാക്കി റണ്‍വേയില്‍ ഉപേക്ഷിക്കേണ്ടിവന്നു,’ റഷ്യന്‍ നയതന്ത്ര വക്താവ് നികിത ഐഷെന്‍കോ ആരോപിച്ചു.
അഫ്ഗാന്‍ വിട്ട് താജിക്കിസ്താനില്‍ അഭയം തേടിയ അഷ്റഫ് ഗാനിയ്ക്ക് അഭയം നിഷേധിച്ചതിനെ തുടര്‍ന്ന് ഒമാനിലേക്ക് കടക്കേണ്ടി വന്നു . വൈകാതെ അദ്ദേഹം യു.എസിലേക്ക് പോകുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബും ഗാനിക്കൊപ്പമുണ്ടെന്നാണ് വിവരം.
Post Your Comments