Latest NewsIndiaInternational

രാജ്യത്തേക്ക് മടങ്ങാന്‍ ഭയന്ന് ജെഎന്‍യുവിലെ അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍: ഇന്ത്യ വിസ പെര്‍മിറ്റ് നീട്ടണമെന്ന് അപേക്ഷ

അഫ്ഗാനിസ്ഥാന്‍ പോലെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് , ഭൂരിഭാഗം ആളുകളും വ്യാപകമായി തൊഴിലില്ലാത്തവരും മരണത്തില്‍ നിന്നോ തടവില്‍നിന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഡല്‍ഹി : സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറാകാതെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കഴിയുകയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 22 ഓളം വിദ്യാര്‍ത്ഥികള്‍. വിസ കാലാവധി മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്നതിനാല്‍ ഇന്ത്യയില്‍ താമസിക്കുന്നതിനെക്കുറിച്ചും അവര്‍ ആശങ്കാകുലരാണ്. ഇന്ത്യ വിസ നീട്ടി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത് .

ഇവരില്‍ ഭൂരിഭാഗം ആളുകളുടെയും വിസ കാലയളവ് ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ അവസാനിക്കും. എന്നാല്‍ അസ്ഥിരമായ അഫ്ഗാനിസ്ഥാനിലേക്ക് ആരും തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ പിഎച്ച്‌ഡി പോലുള്ള അക്കാദമിക് കോഴ്സുകളിലൂടെ വിസ നീട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ‘അവിടത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ത്യന്‍ ഭരണകൂടം ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കി വിസ പെര്‍മിറ്റ് നീട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, ജെഎന്‍യുവിലെ പിഎച്ച്‌ഡി വിദേശ പൗരന്മാര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും വളരെ ചെലവേറിയതാണ്.എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല ‘ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്‍ പോലെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് , ഭൂരിഭാഗം ആളുകളും വ്യാപകമായി തൊഴിലില്ലാത്തവരും മരണത്തില്‍ നിന്നോ തടവില്‍നിന്നോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥി വിസയുടെ കാലാവധി കഴിയുകയാണെങ്കില്‍, ഒരു പുതിയ വിസ നല്‍കുന്നതുവരെ ഒരാള്‍ക്ക് ജോലി ചെയ്യാനോ പഠിക്കാനോ കഴിയില്ല.

കൂടാതെ, വിസ നീട്ടുന്ന സമയത്ത്, പാസ്‌പോര്‍ട്ട് കാലഹരണപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പഠനാനുമതി പാസ്‌പോര്‍ട്ടിന്റെ കാലഹരണ തീയതിക്കപ്പുറം നീട്ടാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. ‘എന്റെ വിസ ഡിസംബര്‍ 31 നകം തീരും. ഞാന്‍ ഇവിടെ പഠിക്കാന്‍ വരുന്നതിന് മുമ്പ് ഒരു സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു.ഞാന്‍ തിരിച്ചു പോയാല്‍ അവര്‍ എന്നെ പിടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. താലിബാന്‍ പിടിച്ചെടുത്ത പ്രദേശത്താണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ഒന്നര ആഴ്ചയായി എനിക്ക് അവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്ക് തീര്‍ച്ചയായും സഹായം ആവശ്യമാണ്.

‘ജെഎന്‍യുവിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഏരിയാ സ്റ്റഡീസ് വിദ്യാര്‍ത്ഥിയായ ഷഫീക്ക് സുല്‍ത്താന്‍ പറഞ്ഞു.താന്‍ മടങ്ങി ചെല്ലാന്‍ തന്റെ കുടുംബം ആഗ്രഹിക്കുന്നില്ലെന്നാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥിയായ അലി അസ്ഗര്‍ പറയുന്നത്. ‘ഞാന്‍ തിരികെ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് വളരെ വലുതാണ് കുടുംബത്തിന്റെ പിന്തുണയില്ലാതെ ഞങ്ങള്‍ക്ക് താങ്ങാനാകില്ല. ഞാന്‍ ഒരാഴ്ച മുമ്പ് അച്ഛനുമായി സംസാരിച്ചിരുന്നു,’ താലിബാന്‍ ഞങ്ങളുടെ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനാല്‍ എന്റെ കുടുംബം മറ്റൊരു പ്രദേശത്തേക്ക് പലായനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം സര്‍വകലാശാല അടച്ചിട്ടിരിക്കുകയാണെന്ന മറുപടിയാണ് ജെഎന്‍യു അധികൃതര്‍ നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിശോധിക്കുകയാണെന്നും ജെഎന്‍യു അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button