Latest NewsKerala

ഗുരുവായൂരിനെ തീർത്ഥാടന ടൂറിസം കേന്ദ്രമാക്കാൻ നീക്കം, ദേവസ്വം മന്ത്രിയുമായി ആലോചിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇനിയുമേറെ സാധ്യതകള്‍ ഉപയോഗിക്കാത്ത പത്തു കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍: പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകള്‍ കേരളത്തില്‍ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച്‌ ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തില്‍ ഇനിയുമേറെ സാധ്യതകള്‍ ഉപയോഗിക്കാത്ത പത്തു കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗുരുവായൂരിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

എംഎല്‍എയും നാട്ടുകാരും തന്ന നിവേദനങ്ങള്‍ പരിശോധിച്ച്‌ തീര്‍ത്ഥാടന ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് ഗുരുവായൂരിന്റെയും സമീപ പ്രദേശങ്ങളുടേയും മറ്റ് സാധ്യതകള്‍ കൂടി പരിശോധിക്കും. ദേവസ്വം മന്ത്രിയുമായി കൂടിയാലോചിച്ച്‌ ടൂറിസത്തില്‍ വലിയ പരിഗണന ഗുരുവായൂരിന് ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഗുരുവായൂരിലെ നവീകരിച്ച കെടിഡിസി ‘ആഹാര്‍’ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്താനുള്ള പര്യടനം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.നിശ്ചിത സമയത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് പുറമെ, ചക്കംകണ്ടം കായല്‍, ചാവക്കാട് കടല്‍, ആനക്കോട്ട എന്നിങ്ങനെ പില്‍ഗ്രിം ടൂറിസത്തിനുള്ള അനന്ത സാധ്യതകള്‍ കൂടി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. വൈകാതെ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും യാത്രകള്‍ക്കും സഹായകരമാകുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആപ്പ് രൂപീകരിക്കും.

ടൂറിസം മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും നവീകരണം നടന്നുവരുന്നതിന്റെ ഭാഗമായാണ് കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ ഗുരുവായൂരിലെ ആഹാര്‍ റസ്റ്റോറന്റ് നവീകരിച്ചത്. കെടിഡിസിയുടെ ഗുരുവായൂരിലെ ‘ടാമറിന്റ്’ ഹോട്ടലിലെ റസ്റ്റോറന്റ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം നവീകരണം നടത്തിയാണ് ആഹാര്‍ റസ്റ്റോറന്റ് എന്ന നാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

വിശ്രമത്തിനും താമസിക്കുന്നതിനും ശീതീകരിച്ചതും അല്ലാത്തതുമായ മുറികള്‍, വിവാഹ ഹാള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ ആഹാരില്‍ ഒരുക്കിയിട്ടുണ്ട്. റസ്റ്റോറന്റ്ലേക്ക് കയറിയിറങ്ങുന്ന വാഹനങ്ങള്‍ മൂലം അപകടം ഒഴിവാക്കാന്‍ പരിസരത്ത് വിളക്കുകള്‍ ഉള്ള ഇന്റര്‍ലോക്ക് പേവര്‍ ടൈലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്‍ കെ അക്ബര്‍ എംഎല്‍എ, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണപിള്ള, സെക്രട്ടറി ഡോ. കവിത, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി പി എസ് ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button