Latest NewsKeralaNews

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഓഗസ്റ്റ് 17 മുതൽ

തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സർക്കാർ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 17 ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ഗോർക്കി ഭവനിലെ സിഡിറ്റിന്റെ സ്റ്റുഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാർ, പ്രതിപക്ഷനേതാവ്, മുൻ മുഖ്യമന്ത്രിമാർ, മുൻ മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also: പാകിസ്ഥാന്‍ ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന് ഒമർ ലുലു: ലേശം ഉളുപ്പ് വേണമെന്ന് സോഷ്യൽ മീഡിയ

വൈകുന്നേരം 4.15 ന് ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തിൽ ജനതയെ ബോധവൽക്കരിക്കാനായി സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ അധികാരം ജനതയ്ക്ക് എന്ന സംഗീത ശിൽപം പുനരാവിഷ്‌കരിക്കും. 1996 ൽ രംഗാവതരണം നടത്തിയ അതേകലാകാരൻമാരാണ് 25 വർഷത്തിന് ശേഷം കലാജാഥാവതരണം നടത്തുന്നത്. ചടങ്ങിൽ വച്ച് ജനകീയാസൂത്രണത്തെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യപുസ്തകം പ്രകാശനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 25 പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കും. അക്കാദമിക് സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇവയിൽ ഉണ്ടാവും. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സർക്കാർ ബന്ധങ്ങളെ സംബന്ധിച്ച ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തർദേശീയ കോൺഗ്രസിന് കേരളം ആതിഥ്യമരുളും. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ ഉയർത്തുവാനും ജനകീയാസൂത്രണം മുഖ്യ പങ്കുവഹിച്ചുവെന്ന് മന്ത്രി പറഞ്ഞു.

Read Also: വർഷങ്ങളോളം മഞ്ഞിൽ പുതഞ്ഞു കിടന്നു: മുപ്പതിനായിരം വർഷം പഴക്കമുള്ള സിംഹക്കുട്ടിയുടെ ജഡം കണ്ടെത്തി

അതോടൊപ്പം, തദ്ദേശസ്വയംഭരണ സംവിധാനത്തിന്റെ കുടക്കീഴിൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും വഴി തെളിച്ചു. ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് മന്ത്രി പറഞ്ഞു. കാലത്തിനനുസൃതമായ രീതിയിൽ പുതിയ കേരളം സൃഷ്ടിക്കുന്നതിനായി ‘നവകേരള കർമ്മപദ്ധതിക്കായി ജനകീയാസൂത്രണം’ എന്ന രണ്ടാംഘട്ടം ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് സംഘടിപ്പിക്കും. 1996 മുതലുള്ള എല്ലാ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കും. കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാവും. 4.15ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വേദികളിൽ സജ്ജമാക്കിയ സ്‌ക്രീനുകളിൽ സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ തത്സമയം പ്രദർശിപ്പിക്കും. രജതജൂബിലി വേളയിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഉല്ലാസവും മാനസികാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് അദ്ദേഹം വിശദമാക്കി.

തദ്ദേശസ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധമുണ്ടാക്കാൻ നിയമ സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ മുന്നേറ്റങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാർഡ് സഭകൾ നല്ല ജനപങ്ങാളിത്തത്തോടെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തൊഴിൽ നൽകുന്ന കേന്ദ്രമായി മാറ്റുന്നതിനും ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം ആരംഭിക്കുന്നതിനുമുള്ള പദ്ധതിക്കും രൂപം നൽകി വരുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Read Also: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം: ജവാന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button