ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീര്‍ത്തിചക്രയും ഉള്‍പ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ പൊലീസില്‍ എഎസ്ഐയായിരുന്ന ബാബുറാമിന് മരണാന്തര ബഹുമതിയായി അശോക ചക്ര നല്‍കും. ജമ്മുകശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളായിരുന്ന അല്‍ത്താഫ് ഹുസൈന്‍ ഭട്ടിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്രയും പ്രഖ്യാപിച്ചു. ഇത്തവണ 15 പേര്‍ക്കാണ് ശൗര്യചക്ര.
Read Also : ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ പ്രകാശിച്ച് അണക്കെട്ട്
മഹര്‍ റെജിമെന്റിലെ മേജര്‍ രാഹുല്‍ ബാലമോഹന്‍ ധീരതക്കുള്ള രണ്ടാം സേനാമെഡലിന് അര്‍ഹനായി. മേജര്‍ അതുല്‍ ജയിംസ്, ക്യാപ്റ്റന്‍ സ്നേഹാഷിഷ് പോള്‍, എന്‍ജിനീയറിങ് വിഭാഗത്തിലെ വിബിന്‍ സി, ശിവകുമാര്‍ ജി എന്നിവരും മെഡലിന് അര്‍ഹരായി. കമ്മാന്റര്‍ വിപിന്‍ പണിക്കറിന് ധീരതക്കുള്ള നാവികസേന മെഡല്‍ ലഭിക്കും. സ്‌ക്വാഡ്രന്‍ ലീഡര്‍ ദീപക് മോഹനന്‍ വ്യോമസേന മെഡലിനും അര്‍ഹനായി.
എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. ഐജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട), ഡിവൈഎസ്പിമാരായ എ.അശോകന്‍ (റിട്ട), എസ്.അരുണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ ബി.സജി കുമാര്‍, ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേശന്‍, സബ് ഇന്‍സ്പെക്ടര്‍ പി.വി സിന്ധു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, എം.സതീശന്‍ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.
Post Your Comments