ന്യൂഡല്‍ഹി : ഇന്ത്യാ വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ എകെ ആന്റണി. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ആന്‍റണി പ്രതികരിച്ചു.. സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിവസം ഇത്തരം സന്ദേശം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. പഞ്ചസാരയില്‍ പുരട്ടിയായാലും പഴയ മുറിവുകള്‍ ഓര്‍മപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
ഇന്ത്യാ വിഭജനം ചരിത്രത്തിലെ നിര്‍ഭാഗ്യകരമായ അധ്യായമാണ്. മുറിവുകള്‍ ഉണക്കി രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും യോജിപ്പിച്ചു കൊണ്ടു പോകാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. വിഭാഗീയതയും വിദ്വേഷവും വളര്‍ത്താന്‍ അവസരം ഒരുക്കുന്ന സന്ദേശമാണിതെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.
അതേസമയം ഇന്ത്യാ വിഭജനത്തിന്റെ ഭീതി സ്മരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുകയും, മരിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഭജനത്തിന്റെ ഭാഗമായി ജീവന്‍ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓര്‍മ്മയ്‌ക്കായാണ് ആഗസ്റ്റ് 14 വിഭജന ഭീതി സ്മരണ ദിനമായി ആഘോഷിക്കുന്നതെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഈ ദിനം വിവേചനത്തില്‍ നിന്നും , വിദ്വേഷത്തില്‍ നിന്നും മുക്തരാകാന്‍ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല, മറിച്ച് സമൂഹിക ഐക്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നമ്മെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.
Post Your Comments