കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി താലിബാന് മുന്നേറ്റം. ദക്ഷിണ നഗരമായ ലഷ്കര്‍ ഘട്ടും കിഴക്കന്‍ അഫ്ഗാന്റെ വാണിജ്യ കേന്ദ്രമായ കാണ്ഡഹാറും താലിബാന് പിടിച്ചെടുത്തു. താലിബാനുമായുണ്ടായ സന്ധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍ ഈ നഗരങ്ങളില്‍ നിന്ന് പിന്മാറിയെന്ന് വാര്‍ത്ത ഏജൻസിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, അഫ്ഗാനിസ്താനില്‍ നിന്നും മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിര്‍ദേശം നല്കി. 1,500 ഓളം ഇന്ത്യക്കാരാണ് ഇനി അഫ്ഗാനില്‍ അവശേഷിക്കുന്നത്.
തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൊമേഴ്സ്യല്‍ വിമാനങ്ങളില്‍ എത്രയും വേഗം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്കി. കാബൂളിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാന്റെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. 90കളില്‍ താലിബാന് താവളമായിരുന്ന ഇവിടം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഈ തീവ്രവാദ സംഘത്തിന് വലിയ നേട്ടമായി. കാബൂളും ഏതാനും ചെറിയ നഗരങ്ങളും മാത്രമാണ് ഇനി താലിബാന് കീഴടക്കാനുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 11 പ്രവിശ്യ തലസ്ഥാനങ്ങള്‍ പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനെ കീഴടക്കി താലിബാന് മുന്നേറ്റം തുടരുന്നതോടെ ജീവനും കയ്യില്‍ പിടിച്ച് രാജ്യം വിടുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഉറ്റവരുടെ മൃതദ്ദേഹങ്ങള്‍ പോലും ഉപേക്ഷിച്ചാണ് ജനങ്ങള്‍ ടെഹ്റാനിലേക്കുള്‍പ്പടെ പലായനം ചെയ്യുന്നത്.സര്‍ക്കാറിന്റെ കണക്കനുസരിച്ച് കാണ്ഡഹാറില്‍ നിന്നു മാത്രം കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പലായനം ചെയ്തത് 30,000 കുടുംബങ്ങളാണ്.
ഫറ ബഡ്ഗിസ്, ഹെല്‍മന്ദ് പ്രവിശ്യകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോകാന്‍ ആരംഭിച്ചിട്ടുണ്ട്. താലിബാന് പിടിച്ചെടുത്ത മേഖലകളില്‍ അവരുടെ നിയമങ്ങള്‍ ശക്തമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ ദൗത്യസംഘം പിന്മാറ്റം ആരംഭിച്ചതോടെയാണ് താലിബാന് കരുത്താര്‍ജിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട ദൗത്യം സെപ്തംബര്‍ 11ഓടെ പൂര്‍ണ്ണമായൂം അവസാനിപ്പിക്കുമെന്ന് അമേരിക്കയും സഖ്യകക്ഷികളും വ്യക്തമാക്കികഴിഞ്ഞു.
Post Your Comments