Latest NewsKeralaNattuvarthaNews

ജനകീയ ഹോട്ടലുകളുടെ വാടക നിരക്ക് അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചുനല്‍കും: മന്ത്രി എം വി ഗോവിന്ദന്‍

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ വഴി 20 രൂപയ്ക്കാണ് ഉച്ചയൂണ് ലഭ്യമാക്കുന്നത്

തിരുവനന്തപുരം : വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന വാടക നിരക്ക്, പി ഡബ്‌ള്യു ഡി നിരക്കിനേക്കാള്‍ അമ്പത് ശതമാനം വരെ വര്‍ധിപ്പിച്ചുനല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്‍ മന്ത്രി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചു.

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരാള്‍ പോലും വിശന്നിരിക്കരുത് എന്ന കരുതലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ജനകീയ ഹോട്ടലുകള്‍ പ്രഖ്യാപിച്ചതെന്നും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ വഴി 20 രൂപയ്ക്കാണ് ഉച്ചയൂണ് ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലംബമറ്റവര്‍ക്ക് സൗജന്യമായും ജനകീയ ഹോട്ടലിലൂടെ ഭക്ഷണം നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലുകള്‍ക്കുള്ള വാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നല്‍കുന്നത്. വൈദ്യുതി ചാര്‍ജ്ജും വാട്ടര്‍ ചാര്‍ജ്ജും ഇതിനൊപ്പം വഹിക്കുന്നുണ്ട്. കെട്ടിട വാടക പി ഡബ്‌ള്യു ഡി നിരക്കില്‍ നിജപ്പെടുത്തുമ്പോള്‍ വാടക തീര്‍ത്തടക്കാന്‍ പറ്റാത്ത അവസ്ഥ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അത് മനസിലാക്കിയാണ് സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കുന്ന വാടക തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button