തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതിന് സമാനമായ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സഹകരണ ബാങ്കുകളില്‍ ഓഡിറ്റ് നടത്തുന്നതിനായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വി.എന്‍. വാസവന്‍ പറഞ്ഞു. ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുള്ളവരെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സഹായിക്കും. സഹകരണ വകുപ്പിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. നിലവില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് റീജിയണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായുള്ളത്. ഇതിനു പകരം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. കൃത്യമായി പരിശോധനയും നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മൂന്ന് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു. ഈ സമിതിയെ നയിക്കുന്നത് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ഭാവിയില്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നിലവില്‍ വരും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഐടി സംയോജനം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഇപ്പോഴുണ്ടായത് പോലെയുള്ള ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments