തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യവിൽപ്പന നടത്തിയ സ്ത്രീകളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ 10 നകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൺസിയയെയാണ് നഗരസഭാ ജീവനക്കാർ കയ്യേറ്റം ചെയ്തത്. ജീവനക്കാരുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷന്റെ നിരീക്ഷണം.
ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കോവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു. അവർക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏക വരുമാനക്കാരിയായ അൽഫോൺസിയയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments