തിരുവനന്തപുരം: പലപ്പോഴും കോവിഡ് കാലത്തെ പ്രവര്‍ത്തികളുൾപ്പെടെ നിരവധി കാര്യങ്ങളിൽ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് കേരള പൊലീസിന്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും നാണക്കേടാകുന്നത് ചില കാക്കിയിട്ട ആളുകൾ ആണ്. മാസപ്പടിയും കൈക്കൂലിയും ആണ് ഇവരുടെ പതിവ് ശൈലി. അത്തരത്തില്‍ കൈക്കൂലി വാങ്ങി ശീലിച്ച ഒരു ഡിവൈഎസ്‌പിക്ക് ഒടുവില്‍ പണി കിട്ടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്‌പി എസ്.വൈ.സുരേഷിനെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
ആറ്റിങ്ങല്‍ ഡിവൈഎസ്‌പി ആയിരിക്കെ റിസോര്‍ട്ട് ഉടമകളില്‍ നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്നു വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ് വൈ സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇടനിലക്കാര്‍ മുഖേനയാണു കൈക്കൂലി വാങ്ങിയതെന്നും അതിനായി അവരെ പല തവണ ഫോണില്‍ വിളിച്ചതിനു തെളിവുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണു സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.
എസ്.വൈ.സുരേഷിന്റെ കഴിഞ്ഞ ആറുമാസത്തെ ഇടപാടുകള്‍ വകുപ്പുതല അന്വേഷണത്തിന് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. കടയ്ക്കാവൂരില്‍ മകന്റെ മൊഴിയില്‍ അമ്മക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു. ഈ കേസില്‍ കടുത്ത ആരോപണങ്ങള്‍ കടയ്ക്കാവൂരിലെ മാതാവും സുരേഷിനെതിരെ ഉന്നയിക്കുക ഉണ്ടായി. മാതാവിനെ പോക്‌സോ കേസില്‍ ഉള്‍പ്പെടുത്താന്‍ ഇടയാക്കിയതിന് പിന്നിലും കൈക്കൂലി വിവാദം അന്ന് ഉയര്‍ന്നിരുന്നു.
ഡിവൈഎസ്‌പി സുരേഷിന്റെ നേതൃത്വത്തിലെ ആദ്യ അന്വേഷണ സംഘം ആ മാതാവിനെ കുടുക്കിയതാണെന്ന ആരോപണം പിന്നീട് കോടതി ശരിവെച്ചിരുന്നു. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍ ആദ്യ അന്വേഷണ സംഘത്തിന് വീഴ്‌ച്ചയുണ്ടായെന്നും വ്യക്തമായിരുന്നു. നിരവധി കുടുംബപ്രശ്നങ്ങള്‍ നിലനില്‍ക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും പൊലീസിന് എതിരായ നിലപാടിലായിരുന്നു.
ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഐജി തല അന്വേഷണം നടത്തിയത്. ഇതുകൂടാതെ മുമ്പും കൈക്കൂലിയുടെ കാര്യത്തില്‍ കുപ്രസിദ്ധനാണ് സുരേഷ്. പേട്ട സിഐയായിരിക്കുമ്പോള്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനും സുരേഷിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്ന് പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ഉദ്യോസ്ഥന്‍ നിലകൊണ്ടത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Post Your Comments