കാബൂള്‍: അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ മസര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു. ഇവിടുത്തെ നയതന്ത്ര, സുരക്ഷ ഉദ്യോഗസ്ഥരേയും ഇന്ത്യന്‍ പൗരന്മാരേയും ഒഴിപ്പിച്ചിട്ടുണ്ട്. മസര്‍-ഇ-ഷെരീഫിലെ സ്ഥിതിഗതികള്‍ ശുഭസൂചകമല്ലാത്തതിനാലാണ് കോണ്‍സുലേറ്റ് താത്കാലികമായി അടയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി പ്രത്യേക വിമാനവും അയച്ചിട്ടുണ്ട്.
പ്രദേശത്ത് നിന്ന് മാറാന്‍ താത്പര്യപ്പെടുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരേയും ഒഴിപ്പിക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ച് കഴിഞ്ഞു. അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ നേരിട്ട് ഡല്‍ഹിയിലെത്തിക്കും. നിലവില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴികെയുള്ള എല്ലാ നയതന്ത്ര ഓഫീസുകളും ഒഴിപ്പിച്ചിരിക്കുകയാണ്.
അഫ്ഗാനില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ നാല് കോണ്‍സുലേറ്റുകളാണ് ഇന്ത്യ അടച്ചത്. കഴിഞ്ഞ മാസം കാണ്ഡഹാറില്‍ നിന്നും അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരേയും സുരക്ഷ ഉദ്യോഗസ്ഥരേയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ജലാലാബാദ്, ഹെരത്ത് മേഖലകളിലെ കോണ്‍സുലേറ്റുകള്‍ കൊറോണയെ തുടര്‍ന്ന് ഏപ്രില്‍ അവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ അഫ്ഗാനിസ്താനിലെ ആറ് പ്രവിശ്യ തലസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍ മുന്നേറ്റം തുടരുകയാണ്. സമന്‍ഗന്‍ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബക് താലിബാന്‍ വളഞ്ഞിരിക്കുകയാണ്. അഫ്ഗാനിലെ 35 പ്രവിശ്യകളില്‍ 24 ഇടത്തും പോരാട്ടം രൂക്ഷമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments