Latest NewsKerala

കോട്ടയത്ത് 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: പ്രതി രണ്ടാനച്ഛനെന്ന്‌ കണ്ടെത്തി, അറസ്റ്റ്

'മണര്‍കാട് കവലയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ ഒരാള്‍ കാറില്‍ കയറ്റി. ഇയാള്‍ നല്‍കിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണു.'

കോട്ടയം: 14 കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കോട്ടയം പാമ്പാടിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഇവിടെ വെച്ച് ഗര്‍ഭസ്ഥ ശിശുമരിക്കുകയും ചെയ്തു. മണര്‍കാട് കവലയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ ഒരാള്‍ കാറില്‍ കയറ്റി. ഇയാള്‍ നല്‍കിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണു. ഇതിനിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി ആദ്യം പോലീസിന് നല്‍കിയ മൊഴി.

മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് ആയില്ല. തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. ഇതില്‍ നിന്നാണ് രണ്ടാനച്ഛനാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്.

മുണ്ടക്കയം സ്വദേശിയായ രണ്ടാനച്ഛനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തത്. രണ്ടാനച്ഛന്‍ പോലീസിന് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ രണ്ടാനച്ഛന്റെ പങ്ക് പെണ്‍കുട്ടി പോലീസിനോട് വിശദീകരിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. രണ്ടാനച്ഛനെ രക്ഷിക്കാനാണ് പെണ്‍കുട്ടി ആദ്യം തെറ്റായ മൊഴി നല്‍കിയതെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button