കോട്ടയം : ദേശീയ കായിക രംഗത്തു തിളങ്ങിയ മലയാളി താരങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകിയാണ് കേരള സർക്കാർ ആദരിച്ചിട്ടുള്ളതെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. അതേ സമീപനം തന്നെയായിരിക്കും സർക്കാർ ഇനിയും തുടരുകയെന്നും തോമസ് ഐസക് വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:
ടോക്കിയോ ഒളിമ്പിക്സിനു കൊടിയിറങ്ങി. ഒരു സ്വർണ്ണം, രണ്ട് വെള്ളി, നാല് വെങ്കലം അങ്ങനെ ഏഴ് മെഡലുകൾ ഇന്ത്യ നേടി. ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഒളിമ്പിക്സിലെ കായികതാരങ്ങളിൽ നമുക്കെല്ലാം അഭിമാനിക്കാൻ വകയുണ്ട്. ഇന്ത്യയുടെ അവസാന ഇനമായ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടി ഇന്ത്യയുടെ ടോക്കിയോ ഒളിമ്പ്ക്സ് യാത്രയ്ക്കു ഗംഭീരമായ അവസാനം കുറിച്ചു.
ആദ്യമായിട്ടാണ് അത്‌ലെറ്റിക്സിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും ഫ്രീസ്റ്റൈൽ ഗുസ്തയിൽ രവി കുമാർ ദാഹിയയും വെള്ളി മെഡൽ നേടി. പി.വി സിന്ധു ബാഡ്മിന്റണിലും ലവ്‌ലീന ബോർഗോഹെയ്ൻ ബോക്സിങ്ങിലും ഭജ്‌രംഗ് പുനിയ ഗുസ്തിയിലും വെങ്കല മെഡൽ നേടി. 41 വർഷത്തിനുശേഷം ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലമാണെങ്കിലും ഇന്ത്യ മെഡൽ നേടി. ഈ വിജയത്തിൽ മലയാളിയായ ഗോൾകീപ്പർ ശ്രീ. പി.ആർ. ശ്രീജേഷ് വഹിച്ചപങ്ക് എന്നും പ്രകീർത്തിക്കപ്പെടും.
മെഡൽ നേടിയില്ലെങ്കിലും വനിതാ ഹോക്കി ടീം എല്ലാവരുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടി. ഈ നേട്ടത്തിൽ അഭിമാനിക്കുന്നതോടൊപ്പം ഓർക്കേണ്ടുന്ന ഒരു കാര്യമുണ്ട്. 9 വർഷം പിന്നിടുമ്പോൾ ലണ്ടൻ ഒളിമ്പിക്സിൽ നേടിയതിനേക്കാൾ ഒരു മെഡൽ കൂടുതൽ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. ഒറീസ്സ സർക്കാരിന്റെ സ്പോൺസർഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തിൽ വരുത്തിയ മുന്നേറ്റം മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും പാഠമാകേണ്ടതുണ്ട്. ഒരു പൊതുകായിക സംസ്കാരം സൃഷ്ടിക്കുന്നതോടൊപ്പം മികവുറ്റവർക്ക് ഏറ്റവും ഉയർന്ന പരിശീലനം ഉറപ്പുവരുത്തുന്നതിലൂടെയാണ് മറ്റു രാജ്യങ്ങൾ വിജയം കൊയ്യുന്നത്.
നമ്മുടെ ഇന്നത്തെ കായിക മേഖലയിലെ പ്രവർത്തനങ്ങളെ സമഗ്രമായി അവലോകനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുകയുമാണ് മെഡൽ ജേതാക്കളെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ദേശീയ കായികരംഗത്തു തിളങ്ങിയ മലയാളി അത്‌ലെറ്റുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകിക്കൊണ്ടാണു കേരള സർക്കാർ ആദരിച്ചിട്ടുള്ളത്. ആ സമീപനം തന്നെയായിരിക്കും ഇനിയും തുടരുകയെന്നതിനു സംശയംവേണ്ട.
Post Your Comments