ബാല്‍ഖ്: അഫ്ഗാനിസ്ഥാനില്‍ ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ യുവതിയെ താലിബാന്‍ ഭീകരർ വെടിവെച്ച് കൊന്നു. വടക്കന്‍ അഫ്ഗാനിലെ ബാല്‍ഖ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇറുകിയ വസ്ത്രം ധരിച്ചതും ആൺ തുണയില്ലാതെ പുറത്തിറങ്ങിയതുമാണ് പെൺകുട്ടിയെ താലിബാന്‍ കൊലപ്പെടുത്താനുള്ള കാരണമെന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്തു.
നസാനിന്‍ എന്ന ഇരുപത്തിയൊന്നുകാരിയാണ് ബാല്‍ഖിലെ സമര്‍ ഖണ്ട് ഗ്രാമത്തിൽ താലിബാന്‍ ഭീകരരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. മസര്‍ ഇ ഷെരീഫിലേക്കു വണ്ടി കയറാന്‍ എത്തിയപ്പോഴാണ് ഭീകരർ പെൺകുട്ടിയെ ആക്രമിച്ചത്. എന്നാൽ സംഭവം നടക്കുമ്പോൾ നസാനിന്‍ ബുര്‍ഖ ധരിച്ചിരുന്നുവെന്നും യുവതിയോടൊപ്പം ആണുങ്ങള്‍ ആരും ഉണ്ടായിരുന്നില്ല എന്നും പോലീസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ആണ്‍തുണയില്ലാതെ പുറത്തിറങ്ങരുതെന്നാണ് താലിബാന്‍ ഭീകരർ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്‍മാറ്റം പ്രഖ്യാപിച്ചതിന് ശേഷം കടുത്ത ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പാകിസ്ഥാന്റെ സഹായത്തോടെ അതിർത്തി പ്രദേശങ്ങളും നഗരങ്ങളും താലിബാൻ ഭീകരർ പിടിച്ചടക്കുകയാണ്. ഞായറാഴ്ച തന്ത്ര പ്രധാന നഗരമായ കുണ്ടൂസ് താലിബാന്‍ പിടിച്ചെടുത്തിരുന്നു.
Post Your Comments