കൊച്ചി : നാദിർഷ സംവിധാനം ചെയ്ത ‘ ഈശോ’ എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. വിവാദം ദൗർഭാഗ്യകരമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
നാട്ടിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ആവർത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകും. കൂടുതൽ നവീകരിക്കപ്പെടേണ്ട കാലത്ത് മുൻപൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേൽ കടന്നാക്രമണം വർധിക്കുന്നത് ശുഭകരമായ കാര്യമല്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
Read Also : മാവേലിക്കരയിൽ ഭാര്യക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കിയനിലയിൽ
വർഗീയതയും വെറുപ്പും സമൂഹത്തിൽ വളർത്താൻ നടക്കുന്ന നിന്ദ്യമായ നീക്കങ്ങൾക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മൾ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങൾക്കെതിരെ ഉയർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
Post Your Comments