ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദവുമായി ബന്ധപ്പെട്ട ആശ്വാസ വാര്‍ത്ത പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ഡെല്‍റ്റ പ്ലസിന്റെ തീവ്ര വ്യാപനം സംഭവിച്ചില്ലെന്നും ആകെ 86 കേസുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഡി.സി ഡയറക്ടര്‍ എസ്.കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കഴിഞ്ഞ ആഴ്ച രാജ്യത്തെ 11 സംസ്ഥാനങ്ങളിലുള്ള 44 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഇതില്‍ ആറ് ജില്ലകളും കേരളത്തിലാണ്. 29 ജില്ലകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറം, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്റ്, സിക്കിം എന്നിവിടങ്ങളിലാണുള്ളത്. രാജസ്ഥാനിലെ രണ്ട് ജില്ലകളിലും ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ ജില്ലകളില്‍ വീതവും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും 37 ജില്ലകളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ 51.51 ശതമാനം കേസുകളും കേരളത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments