KeralaLatest NewsNews

പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ, അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ല : മുഖ്യമന്ത്രി

പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളിൽ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

തിരുവനന്തപുരം : പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ, അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന്  തീരുമാനിക്കാനുള്ള അവകാശം ഒരോരുത്തർക്കുമുണ്ടെന്നും, മറ്റൊരാളുടെ മേൽ തങ്ങളുടെ ഇംഗിതം അടച്ചേൽപ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളിൽ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Also  :   ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തി : മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് അഭിഭാഷകര്‍

കുറിപ്പിന്റെ പൂർണരൂപം :

പ്രണയാഭ്യർത്ഥന നിരസിക്കപ്പെടുന്നതിൻ്റെ പേരിലോ, പ്രണയബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണമോ പെൺകുട്ടികൾ കൊലചെയ്യപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി കേരളത്തിൽ ഉണ്ടായത്. അത്തരത്തിൽ ഒന്നാണ് പെരിന്തല്‍മണ്ണ, ഏലംകുളം, ചെമ്മാട്ട് ശ്രീ. ബാലചന്ദ്രൻ്റെ മകള്‍ ദൃശ്യയെ മഞ്ചേരി സ്വദേശി വിനീഷ് വീട്ടില്‍ അതിക്രമിച്ച് കയറി മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം. ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതി പരിക്കേല്‍പ്പിച്ചിരുന്നു. പ്രതി വിനീഷിനെ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Read Also  :  പ്രമേഹരോഗികള്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ കൃത്യമായി ഉള്‍പ്പെടുത്തുക

ദുരഭിമാന കൊലകൾ പോലെ ശക്തമായി എതിർക്കെപ്പെടേണ്ട സാമൂഹിക പ്രശ്നമാണിത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ല.

ജനാധിപത്യമൂല്യങ്ങളിൽ ഊന്നുന്ന ജീവിത കാഴ്ചപ്പാടിലേക്ക് നമ്മൾ ഉയരേണ്ടതുണ്ട്. പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളില്‍ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും നമുക്ക് സ്വീകരിക്കാനുമാവണം. അതോടൊപ്പം ഇത്തരം കുറ്റവാളികളെ നിയമത്തിൻ്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതും പ്രധാനമാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകില്ല. ഇത്തരം പ്രവണതകൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ കൂട്ടായ പരിശ്രമങ്ങൾ സമൂഹത്തിൽ നിന്നുയർന്നു വരണം. പ്രണയത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധങ്ങളെക്കുറിച്ചും ജനാധിപത്യപരമായ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കാൻ നമുക്കാകണം. ഈ ദിശയിൽ സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പുവരുത്താനും സ്വന്തം നിലയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും കേരള സമൂഹം തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button