കൊച്ചി : കേരളത്തിലേക്ക് ബിഹാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി തോക്ക് എത്തുന്നതായി കണ്ടെത്തല്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ഈ ബിഹാര്‍ കണക്ഷന്‍ കണ്ടെത്തല്‍. ബിഹാറില്‍ ചിലര്‍ ഇതിന് ഇടനിലക്കാരായും പ്രവര്‍ത്തിക്കുന്നുണ്ട്. തോക്ക് നേരിട്ടു വാങ്ങാന്‍ ബിഹാറിലെത്തിയാല്‍ വെടിവെപ്പ് പരിശീലനം ലഭിക്കുമെന്നതാണ് പ്രത്യേകത. നേരിട്ടുള്ള ഇടപാടായതിനാല്‍ തുകയും കുറയും.
എന്നാല്‍, ചുമ്മാ ചെന്നാല്‍ തോക്ക് കിട്ടില്ല. ആയുധ വ്യാപാര സംഘങ്ങളുമായി അടുപ്പമുള്ള ഏതെങ്കിലും ബിഹാര്‍ സ്വദേശിയുടെ ശുപാര്‍ശയും വേണം. വെടിവെപ്പ് പരിശീലനത്തിനൊപ്പം തോക്ക് കഷ്ണങ്ങളാക്കാനും പിന്നീട് ഒന്നിച്ചു ചേര്‍ക്കാനുമുള്ള വിദ്യകളും പഠിപ്പിക്കും. മാനസയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തോക്ക് വാങ്ങാന്‍ ബിഹാറിലെ മുംഗേറിലെത്തിയ രാഖിലിനും ഇത്തരത്തില്‍ പരിശീലനം ലഭിച്ചിരുന്നു. രാഖിലും തോക്ക് കഷ്ണങ്ങളാക്കിയാണ് കൊണ്ടുവന്നതെന്നാണ് വിവരം.
അതേസമയം ഗുണ്ടാ സംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്ന് തോക്കെത്തുന്നതായാണ് വിവരം.
ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് കൂടുതലായി എത്തുന്നത്. തോക്ക് വിവിധ കഷ്ണങ്ങളാക്കിയാണ് കൊണ്ടുവരുന്നത് എന്നതിനാല്‍ ഇവ പിടിക്കുക പ്രയാസവും. കേരളത്തില്‍ മുമ്പ് കൂടുതല്‍ തോക്കെത്തിയിരുന്നത് മംഗലാപുരം, ഗോവ, മുംബൈ ബെല്‍റ്റ് വഴിയായിരുന്നു.
Post Your Comments