Latest NewsIndia

തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയം: പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി സിപിഎം

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ടിലേറെയായതിനു ശേഷമാണ് ഇത്തരമൊരു സംഭവവികാസം ഉണ്ടായിരിക്കുന്നത്.

കൊല്‍ക്കത്ത: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അടുത്ത ആഗസ്റ്റ് 15ന് എല്ലാ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ സുജന്‍ ചക്രവര്‍ത്തി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ടിലേറെയായതിനു ശേഷമാണ് ഇത്തരമൊരു സംഭവവികാസം ഉണ്ടായിരിക്കുന്നത്.

പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കൂടിയായ ചക്രവര്‍ത്തി, പാര്‍ട്ടി ആദ്യമായി ഈ ദിനം ആചരിക്കുന്നുവെന്ന വാദം തള്ളിക്കളഞ്ഞു. ഒപ്പം വ്യത്യസ്തമായ രീതിയില്‍ നേരത്തെ ആഘോഷിച്ചിരുന്നുവെന്നും പറഞ്ഞു. ഞങ്ങള്‍ സാധാരണയായി സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണ്. ഇത്തവണ കൂടുതല്‍ വിപുലമായി നടക്കും. എഴുപത്തിയഞ്ചാം അല്ലെങ്കില്‍ നൂറാം വര്‍ഷം എല്ലാ തവണയും വരില്ലെന്നും സുജന്‍ ചക്രവര്‍ത്തി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പാര്‍ട്ടിയുടെ ചെങ്കൊടിക്കൊപ്പം ത്രിവര്‍ണ്ണ പതാകയും ഉയരും, ഇത് ഓഗസ്റ്റ് 15ന് സി.പി.എം ഓഫീസുകളില്‍ ആദ്യമായി കാണുമെന്ന് മറ്റൊരു പാര്‍ട്ടി നേതാവ് പറഞ്ഞതായും ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം പുറത്ത് വന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന ഇടതുപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്ത സി.പി.എമ്മിന്റെ ഈ തീരുമാനം ഏറെ ചര്‍ച്ചയാവും.

2019ലെ ലോക്സഭയിലും 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചൈന, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളോട് കൂടുതല്‍ സഹാനുഭൂതി പുലര്‍ത്തുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദേശീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതായ ആരോപണം രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നു.

ബി.ജെ.പിയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സ്വാതന്ത്ര്യദിനം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേശീയത കുറവാണെന്നും സമീപനത്തില്‍ കൂടുതല്‍ അന്തര്‍ദേശീയമാണെന്നും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് യാതൊരു സംഭാവനയുമില്ലെന്നും പലപ്പോഴും എതിരാളികള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് മനംമാറ്റം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button