തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രമെടുത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം. വഞ്ചിയൂര്‍ കോടതിയിലാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം ഉണ്ടായത്.
സിറാജ് ദിനപത്രം ഫോട്ടോഗ്രാഫര്‍ ശിവാജിക്കെതിരെയൂം പത്രപ്രവര്‍ത്തക യൂണിയന്‍ കെ.യു.ഡബ്ല്യൂ.ജെ ജില്ലാ ഭാരവാഹി സുരേഷ് വെള്ളിമംഗലത്തിനു നേര്‍ക്കുമാണ് അഭിഭാഷകരുടെ കയ്യേറ്റ ശ്രമം ഉണ്ടായത് . കോടതിയില്‍ നിന്ന് ഇറങ്ങിവന്ന ശ്രീറാമിന്റെ ചിത്രം ആദ്യമെടുത്തിരുന്നുവെന്ന് ശിവാജി പറയുന്നു. അദ്ദേഹം മുഖം നല്‍കാതെ പോയി. പിന്നാലെ വന്ന വഫയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതോടെ ഒരു പോലീസുകാരന്‍ വന്ന് അക്രെഡിറ്റേഷന്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതുകണ്ട് സ്ഥലത്തേക്ക് വന്ന ഒരു വിഭാഗം അഭിഭാഷകര്‍, ചിത്രമെടുത്ത മൊബൈല്‍ പിടിച്ചുവാങ്ങുകയും ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
വഞ്ചിയൂര്‍ കോടതിയില്‍ നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും അവിടെയും ഒരു വിഭാഗം അഭിഭാഷകരെത്തി ബഹളം വച്ചു. ഇതിനിടെ, തങ്ങള്‍ക്കും പരാതിയുണ്ടെന്ന് കാണിച്ച് അഭിഭാഷകരും രംഗത്തെത്തി. ഇതോടെ മാദ്ധ്യമപ്രവര്‍ത്തകരുടെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച പോലീസ് പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രശ്നം സങ്കീര്‍ണമായതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി. മാദ്ധ്യമപ്രവര്‍ത്തരുടെ പരാതി സ്വീകരിച്ചു. പിന്നീട് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് പോലീസ് എല്ലാവരേയും തിരിച്ചയക്കുകയായിരുന്നു.
Post Your Comments