‘ജന-ഗണ-മന അധിനായക ജയഹേ… ഭാരത-ഭാഗ്യ-വിധാതാ…’ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങി കേട്ടപ്പോൾ ഓരോ ഇന്ത്യാക്കാരനും അഭിമാന പുളകിതരാവുകയായിരുന്നു. അഞ്ചും പത്തും ആയിരുന്നില്ല, പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് ഒരു സ്വർണമെഡൽ ലഭിക്കുന്നത്. 13 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടും സ്വർണ്ണത്തേരിൽ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്സ് വേദിയിൽ മുഴങ്ങിക്കേട്ട ദേശീയഗാനത്തോടൊപ്പം അതിനു കാരണക്കാരനായ നീരജ് ചോപ്രയേയും ഓരോ ഭാരതീയനും സന്തോഷം കൊണ്ട് നെഞ്ചോട് ചേർക്കുന്നു.
ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിനു ഭാരതം നീരജിനോട് കടപ്പെട്ടിരിക്കുന്നു. കാത്തിരിപ്പ് സഫലമാക്കിയതിനു. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. ഫൈനലിൽ ആദ്യ ശ്രമത്തിൽ തന്നെ ആധിപത്യം നേടിയെടുത്ത നീരജ് രണ്ടാം ശ്രമത്തിൽ സ്വര്ണത്തിലകത്തിലേക്കുള്ള ദൂരം ഉറപ്പിച്ചു. പിന്നീടെത്തിയ ഒരാൾക്കും ആ ദൂരത്തെ തൊടാനോ മറികടക്കാനോ കഴിഞ്ഞില്ല.
ഹരിയാണയിലെ പാനിപതില്‍ നിന്ന 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിലെ ആദ്യത്തെ കണ്മണി ആയിരുന്നു നീരജ്. കുടുംബത്തിന്റെ വാത്സല്യം ആവോളം നേടിയാണ് നീരജ് വളർന്നത്. കുഞ്ഞായിരുന്നപ്പോൾ തന്നെ ജാവലിൻ ത്രോയിൽ നീരജിനു കണ്ണുണ്ടായിരുന്നു. പിന്നീട് അതായിരുന്നു നീരജിന്റെ ജീവിതവും ലക്ഷ്യവും. ആ ലക്ഷ്യം ഇന്ന് സ്വർണത്തിൽ തിളങ്ങി നിൽക്കുന്നു.
നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലുകൾ നേടിയെന്നതും ശ്രദ്ധേയം. ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഇന്ത്യ ഇത്തവണ തിരുത്തി കുറിച്ചിരിക്കുന്നത്. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.
Post Your Comments