കോട്ടയം: താലിബാൻ സംഘർഷാവസ്ഥയിൽ പ്രതികരിച്ച് അഫ്ഗാൻ വിദ്യാർഥി. അഫ്ഗാനിസ്ഥാനിലെ ഹിരാത് പട്ടണത്തിൽനിന്നെത്തി കോട്ടയത്തെ എംജി സർവകലാശാലയിൽ രണ്ടാം വർഷ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ മുഹമ്മദ് സുറാബ് നൂർസേയുടെ വാക്കുകളാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. ‘തിരിച്ചു പോകാൻ എനിക്കു ഭയം തോന്നുന്നു. സ്വന്തം നാട്ടിൽ സുരക്ഷിതരല്ലാത്ത ജനതയാണ് ഞങ്ങൾ. അഫ്ഗാൻ സർക്കാരിനു കീഴിൽ ജോലി ചെയ്തിരുന്നയാളാണ് ഞാൻ. മടങ്ങിച്ചെന്നു ജോലിയിൽ തുടരാൻ എനിക്കാവില്ല. അവർ ഞങ്ങളെയെല്ലാം കൊന്നൊടുക്കും. ഞങ്ങൾക്കു ഭയമാണ്…’ മുഹമ്മദ് സുറാബ് നൂർസേ ഇതു പറയുമ്പോൾ കണ്ണുകളിൽ നിഴലിച്ചത് ഭയവും തന്റെ നാടിനെക്കുറിച്ചുള്ള ആശങ്കയും.
ഇരുപത്തിയാറുകാരനായ സുറാബ് 2 വർഷം മുൻപാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിസർച്ചിന്റെ സ്കോളർഷിപ് നേടിയ പതിനാറായിരത്തോളം അഫ്ഗാൻ വിദ്യാർഥികളിലൊരാൾ. മഹാത്മാ ഗാന്ധിയോടുള്ള ആരാധനയും ബഹുമാനവും കേരളത്തിൽ എംജി സർവകലാശാലയിലെത്തിച്ചു. നിലവിൽ എംജി സർവകലാശാല ക്യാംപസിൽ പഠിക്കുന്നത് 4 പെൺകുട്ടികളും 11 ആൺകുട്ടികളുമായി 15 അഫ്ഗാൻ വിദ്യാർഥികളാണ്. കോവിഡിനെ തുടർന്ന് പലരും നാട്ടിലേക്കു മടങ്ങി. യുഎസ് സൈന്യം പിൻവാങ്ങിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്ന രാഷ്ട്രീയ കലുഷിതാവസ്ഥയെക്കുറിച്ച് ഇവരും പരിഭ്രാന്തരാണ്. അഫ്‌ഗാൻ അനുഭവങ്ങളും പ്രതീക്ഷകളും ആശങ്കകളും മാധ്യമങ്ങളോട് പങ്കുവയ്ക്കുകയാണ് മുഹമ്മദ് സുറാബ്.
Read Also: കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള കാരണങ്ങൾ വിശദമാക്കി മന്ത്രി ആന്റണി രാജു
‘അഫ്ഗാനിനെ തകർക്കുകയാണ് താലിബാന്റെ ലക്ഷ്യം. നാൽപതു വർഷക്കാലമായി അഫ്ഗാനിസ്ഥാൻ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലാണ്. ഗ്രാമങ്ങളും പട്ടണങ്ങളും ക്ഷണനേരംകൊണ്ട് ബോംബു വച്ചു തകർക്കുന്നു. അവർക്കു മനുഷ്യത്വമില്ല. സ്ത്രീകൾക്കു വേണ്ടി അവർ എഴുതിച്ചേർത്ത നിയമങ്ങളുണ്ട്. സ്ത്രീകൾക്കു തനിച്ചു പുറത്തിറങ്ങാനാവാത്ത നാട്. പലപ്പോഴും കുടുംബത്തോടൊപ്പം ബസാറിലേക്കു പോകുമ്പോൾ തനിച്ചു പുറത്തിറങ്ങിയെന്ന പേരിൽ സ്ത്രീകളെ ആക്രമിക്കുന്നതും തിരികെ വീടുകളിലേക്കു പോകാൻ ആക്രോശിക്കുന്നതും കണ്ടിട്ടുണ്ട്. വീടുകളിൽ കയറിച്ചെന്ന് ടിവി തകർക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്ത് നിർബന്ധിച്ച് പ്രാർഥിപ്പിക്കുന്നതും കണ്ടിട്ടുണ്ട്’- യുവാവ് പറയുന്നു.
Post Your Comments