തിരുവനന്തപുരം: ചന്ദ്രികയിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനം നടത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലിക്കെതിരെ ലീഗ് നടപടിക്കൊരുങ്ങുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നത്തോടെ കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തി മുൻ മന്ത്രി കെ ടി ജലീൽ. സത്യം പറഞ്ഞുവെന്നു കാരണത്താൽ മുഈനലിക്കെതിരെ നടപടിയെടുത്താൽ കുഞ്ഞാലിക്കുട്ടി വിയർക്കുമെന്നാണ് ജലീൽ പറയുന്നത്.
പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ കൈയ്യിൽ ഉണ്ടെന്നും അധികം കളിക്കാൻ നിന്നാൽ അത് പുറത്തുവിടുമെന്നുമാണ് ജലീലിന്റെ ഭീഷണി. ശബ്ദരേഖ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയവില നല്‍കേണ്ടിവരുമെന്നും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തിലെന്ന് റിപ്പോർട്ട്
‘ലീഗിനെ കമ്പനിയാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത് വസ്തുതയാണ്. അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ലീഗ് നേതൃയോഗത്തിൽ തന്റെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് നടപടി എടുക്കാനാണ് ഭാവമെങ്കിൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരും. ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട് കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ ശബ്ദരേഖകൾ അറ്റകൈക്ക് പുറത്ത് വിടേണ്ടിവരും. അത് പുറത്ത് വന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങൾ പോകുക. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ അദ്ദേഹത്തിന് നന്ന്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുവെങ്കിൽ ആ വിചാരം തെറ്റാണ്. 2006ൽ സംഭവിച്ചതല്ല സംഭവിക്കുക. ലെറ്റസ് വെയ്റ്റ് ആൻഡ് സീ..’ -ജലീൽ പറഞ്ഞു.
Post Your Comments