മുണ്ടക്കയം : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പോലീസ് ക്രൂരതകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെയുണ്ടായ ചില വിഷയങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ സംബന്ധിച്ചാണ് കക്ഷിരാഷ്ട്രീയഭേദമന്യേ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിട്ടുള്ളത്.
കൊല്ലം ചടയമംഗലത്തെ ബാങ്കിനുമുന്നില്‍ സമൂഹ അകലം പാലിച്ച് വരിനിന്നവര്‍ക്ക് പിഴ ചുമത്തിയതിനെതിരെ രംഗത്തെത്തിയ ഗൗരിനന്ദയെന്ന വിദ്യാര്‍ഥിനിയോടുള്ള പൊലീസിെന്റ സമീപനവും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫേസ്ബുക്കില്‍ പോലീസുകാർക്കെതിരെ തുടങ്ങിയ എടാവിളി_എന്ന ഹാഷ്ടാഗ് ക്യാമ്പയിനും വൈറലാകുകയാണ്.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ക്ഷേത്രത്തില്‍പോയ കുടുംബത്തിന് 17500രൂപ പിഴയിട്ടിരിക്കുകയാണ് പോലീസ്. കൊക്കയാര്‍ കൊടികുത്തി റബ്ബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത് . ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണല്‍ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തില്‍ വാഹനം തടയുകയായിരുന്നു.
തുടർന്ന് വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയില്‍ അടച്ചാല്‍ മതിയെന്നും പറയുകയായിരുന്നു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയായ മോഹനന്‍17500രൂപ അടയ്ക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്.
Post Your Comments