Latest NewsKeralaNews

ചെകുത്താന്‍ സേവ പഠിച്ച് കുടുംബാംഗങ്ങളെ വകവരുത്തിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡലിന് നിര്‍ണ്ണായക ദിനങ്ങള്‍

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ക്ലിഫ് ഹൗസിന് സമീപം നടന്ന നന്തന്‍കോട് കൂട്ടക്കൊല. മുഖ്യമന്ത്രിയുടെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന, അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിന് സമീപമാണ് കേഡല്‍ ഒരീച്ച പോലും അറിയാതെ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ കൊലപ്പെടുത്തി തീയിട്ടത്. 2017 ലായിരുന്നു കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്.

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കേഡല്‍ ജീന്‍സെന്‍ രാജയുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും (മാനസിക ആരോഗ്യ ചികിത്സാ രേഖകള്‍) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

Read Also : മാനസ കൊലക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ

വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കവേ ജഡ്ജി മിനി. എസ്. ദാസിന്റെ ചോദ്യത്തിന് മറുപടിയായി തന്റെ ചികിത്സ മാര്‍ച്ച് 29 ന് ഏറെക്കുറെ പൂര്‍ത്തിയായതായി കേഡല്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി രേഖകള്‍ ഹാജരാക്കാനും പ്രൊഡക്ഷന്‍ വാറണ്ടയക്കാനും ഉത്തരവിട്ടത്. വിചാരണ തടവുകാരനായ റിമാന്റ് പ്രതിയെ ഓഗസ്റ്റ് 9 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

പ്രതി കോടതി നടപടികള്‍ മനസിലാക്കി വിചാരണ നേരിടാന്‍ ഉള്ള മാനസിക ശാരീരിക ആരോഗ്യ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമേ പ്രതിയെ വിചാരണ ചെയ്യുകയുള്ളു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരം മെഡിക്കല്‍ സൂപ്രണ്ടിനെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയും മെഡിക്കല്‍ രേഖകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചും പ്രതിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം വിചാരണയില്‍ കോടതി നടപടികള്‍ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

2017 ഏപ്രില്‍ 5 നും 8 നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീന്‍ പത്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നുമാണ് പൊലീസ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button