കൊല്ലം: കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടിയിൽ പ്രതികരണവുമായി വിസ്മയയുടെ കുടുംബം. വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കുടുംബം വ്യക്തമാക്കി. നടപടിയിൽ വിസ്മയയുടെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.
Read Also: കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കേണ്ടത് വുഹാനിലല്ല , ലോകാരോഗ്യ സംഘടനയോട് ചൈന
സർക്കാരിന്റേത് ചരിത്രപരമായ തീരുമാനമാണെന്നും സഹോദരിക്ക് നീതി കിട്ടുന്നതിന്റെ ആദ്യ പടിയാണിതെന്നും വിസ്മയയുടെ സഹോദരൻ വിജിത്ത് വ്യക്തമാക്കി. പോലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു.
വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി കിട്ടില്ലെന്നും പെൻഷൻ ലഭിക്കാൻ പോലും സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാർ അറസ്റ്റിലായതിന് ശേഷം സസ്പെൻഷനിലായിരുന്നു.
കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് കിരൺ കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീധന പീഡന കേസുമായി ബന്ധപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.
Post Your Comments