കോട്ടയം : ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഈമെയിലില്‍ വന്നതായി ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള. ചടങ്ങിൽ വച്ചാണ് കോട്ടയം എസ്.പി. ഡി. ശില്പയുടെ പേരെടുത്ത് പറയാതെ ശ്രീധരന്‍ പിള്ള വിമർശനമുയർത്തിയത്.
ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഗോവ രാജ്ഭവന് അയച്ച കത്താണ് വിമര്‍ശനത്തിന് കാരണം. കോട്ടയം ജില്ലയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥ അയച്ച കത്ത് എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ പിള്ള പ്രസംഗത്തിന്റെ അവസാനം പരാതി പ്രകടമാക്കിയത്.
രാജ്ഭവനിലേക്കാണ് ഔദ്യോഗികമായി മെയില്‍ അയച്ചത്. രാജ് ഭവന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താന്‍ തന്നെ ഇടപെട്ട് ഇതിന് മറുപടി നല്‍കുകയായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറയുന്നു.
‘കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെ സഭാ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഇ-മെയിലില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നിയമസഹായം എന്ന് വ്യക്തമാക്കിയില്ല. ഇ-മെയിലില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന പ്രയോഗം ശരിയായില്ല. ഗവര്‍ണര്‍മാര്‍ക്ക് സന്ദേശം അയക്കുമ്ബോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഗവര്‍ണറോട് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ഒരു ഉദ്യോഗസ്ഥ പറയുന്നതിനെയാണ് ശ്രീധരന്‍ പിള്ള ചോദ്യം ചെയ്യുന്നത്. ഇ-മെയില്‍ സന്ദേശം വന്ന ഉടന്‍ തന്നെ യോഗത്തില്‍ പങ്കെടുക്കും എന്ന മറുപടിയാണ് താന്‍ നല്‍കിയത് ‘- ശ്രീധരന്‍പിള്ള പറഞ്ഞു.
ഈ മെയിൽ വന്നത് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മനെ അറിയിച്ചിരുന്നതായി ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങളെ വിശാലമായി കണ്ട് പെരുമാറണമെന്നും ഇത്തരം കാര്യങ്ങളെ മനസിലാക്കാന്‍ ദൈവം അവര്‍ക്ക് സദ്ബുദ്ധി കൊടുക്കട്ടെ എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Post Your Comments