കോഴിക്കോട്: ചന്ദ്രിക ഫണ്ട് തട്ടിപ്പുവിഷയവുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മൊയിന്‍ അലിക്കെതിരെ ഭീഷണി മുഴക്കിയത് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെ പ്രതി റാഫി പുതിയകടവ്. 2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ പ്രതിയായിരുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു.
മൊയിന്‍ അലിക്കെതിരെ വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് റാഫി ഭീഷണി മുഴക്കിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് റാഫിയെ പ്രകോപിതനാക്കിയത്. ‘കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ. പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്‌ലെസ്.’ എന്നായിരുന്നു റാഫിയുടെ വാക്കുകള്‍. തുടര്‍ന്ന് മറ്റുള്ളവര്‍ ഇയാളെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മൊയിന്‍അലി ഉന്നയിച്ചത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും മൊയീന്‍ അലി പറഞ്ഞു. ഫിനാന്‍സ് മാനേജര്‍ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്.
പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മൊയീന്‍ അലി കുറ്റപ്പെടുത്തി. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു.ബഹളമായതോടെ വാർത്താസമ്മേളനം പൂർത്തിയാക്കാതെ ലീഗ് നേതാക്കൾ മടങ്ങി.
Post Your Comments