
ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തിരക്കിട്ട ഒരുക്കങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതോടെ സ്വാതന്ത്ര്യദിനത്തിലെ പ്രധാന ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന ചെങ്കോട്ടയിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രദേശം കനത്ത സുരക്ഷാവലയത്തിലാണ്.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെങ്കോട്ടയ്ക്ക് മുന്‍പില്‍ കണ്ടെയ്‌നറുകളും നിരത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊരു ക്രമീകരണം നടത്തുന്നത്. കണ്ടെയ്‌നറുകള്‍ അടുക്കി വെച്ചിരിക്കുന്നത് കാരണം ചെങ്കോട്ട പൂര്‍ണമായും മറഞ്ഞിരിക്കുകയാണ്. അകത്തേക്ക് പ്രവേശിക്കുന്നതിനോ അകത്ത് നടക്കുന്നത് എന്തെന്ന് കാണുന്നതിനോ പോലും സാധിക്കാത്ത തരത്തിലാണ് കണ്ടെയ്‌നറുകള്‍ അടുക്കിയിരിക്കുന്നത്.
രണ്ട് കാരണങ്ങളാണ് ഇത്തവണ സുരക്ഷ ശക്തമാക്കാനുള്ള ഡല്‍ഹി പൊലീസ് നീക്കത്തിന് പിന്നില്‍. പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തല്‍ ഉള്‍പ്പടെയുളള പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഡ്രോണ്‍ ആക്രമണത്തിന് പാക്കിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍ പദ്ധതിയിടുന്നതായി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.
റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങളും ഇത്തവണ സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായി. വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകര്‍ ജനുവരി 26ന് ചെങ്കോട്ടയിലേക്ക് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുകയും ഇവിടെയെത്തിയതോടെ റാലി അക്രമാസക്തമാകുകയുമായിരുന്നു.
Post Your Comments