ചെന്നൈ: ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായതോടെ വിശദീകരണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. 2021ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് വിവാദമായത്. എന്നാല്‍, ഇത് അച്ചടിപ്പിശക് സംഭവിച്ചതാണെന്നാണ് എച്ച്ഡിഎഫ്‌സിയുടെ വിശദീകരണം.
പരസ്യത്തില്‍ അച്ചടിപ്പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തെറ്റ് തിരുത്തിയ പരസ്യം തൊട്ടടുത്ത ദിവസം തന്നെ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇന്റര്‍വ്യൂവില്‍ 200ഓളം ആളുകള്‍ പങ്കെടുത്തെന്നും അധികൃതര്‍ വ്യക്തമാക്കി. പഠിച്ചിറങ്ങിയ വര്‍ഷം കണക്കിലെടുക്കാതെ എല്ലാ ബിരുദധാരികള്‍ക്കും അപേക്ഷിക്കാമെന്നും വയസുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും എച്ച്ഡിഎഫ്‌സി പിന്നീട് അറിയിച്ചിരുന്നു.
തമിഴ്‌നാട്ടിലെ മധുരൈയിലെ ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരസ്യമാണ് പത്രത്തില്‍ നല്‍കിയിരുന്നത്. മധുരൈ, രാമനാഥപുരം, ശിവഗംഗൈ, വിരുധുനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബിരുദധാരികളെയാണ് ക്ഷണിച്ചിരുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കാനിരുന്ന ഇന്റര്‍വ്യൂവിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തില്‍ ‘2021ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ല’ എന്ന് വ്യക്തമാക്കിയിരുന്നു. പരസ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.
Post Your Comments