തിരുവനന്തപുരം: കിഫബിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എം എൽ എ. കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുകയാണെന്ന് എം എൽ എ വ്യക്തമാക്കി. റോഡുകളുടെ പണി വൈകുകയാണെന്നും ഇത് ഒഴിവാക്കണമെന്നുമാണ് ഗണേഷ് പറയുന്നത്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച റോഡിന്റെ പണി തുടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം എൽ എയുടെ വിമർശനം. സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ഗണേഷിന്റെ വിമർശനം.
‘അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ ഞാൻ വെഞ്ഞാറമൂട്ടിൽ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോൾ അമ്മ മരിച്ചു. വെഞ്ഞാറമുട് മേൽപ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണ്’, ഗണേഷ് കുമാർ വികാരഭരിതനായി നിയമസഭയിൽ പറഞ്ഞു.
കിഫ്ബിയിൽ കൺസൾട്ടൻസി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിന് പുറത്തു നിന്ന് കൺസൾട്ടൻ്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാർ ചോദിച്ചു. കിഫ്ബിയില്‍ അതിവിദഗ്ദ്ധരുടെ ബാഹുല്യമാണെന്നും കാര്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തി അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിഫബിക്കെതിരെ ഗണേഷ് വീണ്ടും രംഗത്ത് വരുന്നത്.
Post Your Comments