ന്യൂഡൽഹി: ഡൽഹി നംഗലിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമുൾപ്പെടെ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തതിൽ ട്വിറ്ററിനു നോട്ടിസ്. രാഹുലിന്റെ ട്വീറ്റിനെ തുടർന്നു ദേശീയ ബാലാവകാശ കമ്മിഷനാണ് ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണു നോട്ടിസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ട രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി പേര് രംഗത്തെത്തിയിരുന്നു.
ട്വീറ്റ് സഹിതം ബാലാവകാശ കമ്മിഷന് പരാതി നൽകുമെന്നു ബിജെപി നേതാവ് സാംബിത് പത്രയും അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ടെത്തിയിരുന്നു. കുടുംബത്തിനു നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇരുവരെയും വാഹനത്തിൽ കയറ്റിയാണ് രാഹുൽ സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ ഇതെല്ലം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിമർശനം.
പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ആരോപിച്ച എല്ലാവരും ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ സംഭവത്തെ വലിയ രീതിയിൽ പ്രതിഷേധമാക്കാനാണ് ചന്ദ്രശേഖർ ആസാദ് രാവനും രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നത് എന്നാണു ബിജെപി വൃത്തങ്ങളുടെ ആരോപണം. ശ്മാശാന നടത്തിപ്പിക്കാരനും കൂട്ടാളികളുമാണ് അറസ്റ്റിലായത്. ഇത് ക്ഷേത്ര പൂജാരി ആണെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
അതേസമയം കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇരയുടെ മാതാപിതാക്കളെ കേജ്‌രിവാൾ സന്ദർശിക്കുന്നതിനിടെ തിരക്ക് മൂലം വേദിയുടെ ഒരു ഭാഗം തകർന്നു വീണു. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ പൊലീസിന്റെ നിയന്ത്രണം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും കേജ്‌രിവാൾ പറഞ്ഞു. ഇതിനിടെ ബന്ധുക്കളെ കാണാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത അടക്കമുള്ള നേതാക്കളെ തടഞ്ഞ ആം ആദ്മി, കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ , ബിജെപിക്കെതിരെ മുദ്രാവാക്യം മുഴക്കി.
പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ബന്ധുക്കളുടെ ആരോപണം.ഡിസിപി ഇൻഗിത് പ്രതാപ് സിങ് തള്ളി. പ്രതികളെ ഉടൻ പിടികൂടിയെന്ന് ഡിസിപി വിശദീകരിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യവകാശ കമ്മിഷൻ ഇടപെട്ടതിനു പിന്നാലെ ദേശീയ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. എന്നിട്ടും പ്രതിഷേധം തുടരുന്നത് രാഷ്ട്രീയ ഇടപെടൽ ആണെന്നും വിമർശനമുണ്ട്. പാർലമെന്റ് തുടരുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ വിവാദമാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്നും ആരോപണമുണ്ട്.
Post Your Comments