![](/wp-content/uploads/2021/08/kuthiran-123.jpg)
പാലക്കാട്: കാഴ്ച്ചക്കാർക്ക് കുതിരാൻ തുരങ്കം കൗതുകമാകുമ്പോൾ ദുരിതത്തിലായി നാട്ടുകാർ. തുരങ്കം തുറന്നപ്പോൾ ഇരുമ്പുപാലം നിവാസികളാണ് യാത്ര ദുരിതത്തിലായിരിക്കുന്നത്.
തൃശൂരിലേക്കു പോകാൻ ബസിൽ കയറണമെങ്കിൽ 800 മീറ്റർ അധികം നടന്ന് കൊമ്പഴയിൽ പോയി നിൽക്കേണ്ട അവസ്ഥയിലാണ് നിലവിൽ ഇരുമ്പുപാലം നിവാസികൾ. നേരത്തേ തൃശൂരിലേക്ക് പോകാൻ ഇവർക്ക് ഇരുമ്പുപാലത്ത് ബസ് സ്റ്റോപ് ഉണ്ടായിരുന്നു. എന്നാൽ കുതിരാൻ തുരങ്കം തുറന്നതോടെ ഈ സ്‌റ്റോപ്പ് ഇല്ലാതായി. അടുത്ത തുരങ്കം കൂടി തുറക്കുന്നതോടെ പാലക്കാട്ടേക്കു പോകുന്നവർക്കും അധിക ദൂരം സഞ്ചരിക്കേണ്ടി വരും.
തുരങ്കത്തിനു സമീപത്തായി ബസ് സ്റ്റോപ്പിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ സ്വകാര്യ വ്യക്തികൾ തയാറായി വന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഷയത്തിൽ പഞ്ചായത്ത് കാര്യമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. തൃശൂരിലും വടക്കഞ്ചേരിയിലും ജോലി ചെയ്യുന്നവരും അവിടങ്ങളിലെ മാർക്കറ്റുകളെ ആശ്രയിക്കുന്ന കർഷകരുമാണ് പ്രദേശത്തുള്ളവരിൽ ഭൂരിഭാഗം ആളുകളും. തുരങ്കത്തിനു സമീപം തന്നെ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും പ്രദേശവാസികൾ അപേക്ഷ നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച ദേശീയപാത അതോറിറ്റി പ്രതിനിധികളെ ചർച്ചയ്ക്കു വിളിക്കാനാണു പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.
കുതിരാൻ അമ്പലത്തിനു മുൻപിലും ഇരുമ്പുപാലത്തും ഉണ്ടായിരുന്ന സ്റ്റോപ്പുകൾ ഇല്ലാതായെന്നും നൂറ്റൻപതിലേറെ വീട്ടുകാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. കൊമ്പഴ വരെ നടന്നു പോയി ബസ് കയറണം. അല്ലെങ്കിൽ പാലക്കാട് ബസിൽ പോയി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി വേണം തൃശൂരിലേക്കു പോകാനെന്നും തൃശൂരിലേക്ക പോകാനുള്ള ബസിൽ കയറാൻ 50 രൂപ ഓട്ടോക്കൂലി നൽകേണ്ട പോകേണ്ട അവസ്ഥയിലാണെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
Post Your Comments