KeralaLatest News

നാട്ടില്‍ സംരംഭം തുടങ്ങിയ പ്രവാസി ഇപ്പോൾ 40 ലക്ഷം രൂപയുടെ കടക്കാരന്‍: സർക്കാരും പിന്തുണച്ചില്ല

എട്ടു ലക്ഷം മുടക്കി വാങ്ങിക്കൊണ്ടുവന്ന പത്ത് പശുക്കളില്‍ ഒന്നുപോലും പെറ്റില്ല.

വൈക്കം: ദുബായില്‍ നിന്നെത്തി സമ്പാദ്യം ഉപയോഗിച്ച് നാട്ടില്‍ സംരംഭം തുടങ്ങിയ പ്രവാസി ഇന്ന് 40 ലക്ഷം രൂപയുടെ കടക്കാരന്‍. ഇടനിലക്കാര്‍ പറ്റിക്കുകയും സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടെത്ര പിന്തുണ നല്‍കാതെയും വന്നതോടെയാണ് ശിവദാസന്‍ നായര്‍ എന്ന 74കാരന്‍ കടക്കെണിയിലായത്. ദുബായില്‍നിന്നെത്തി നാട്ടില്‍ പശുവളര്‍ത്തലും മീന്‍കുളവും നിര്‍മ്മിച്ച വൈക്കം കുടവെച്ചൂര്‍ തുരുത്തിപ്പള്ളില്‍ ഡി.ശിവദാസന്‍ നായരാണ് നിലയില്ലാ കയത്തിലായത്.

മെക്കാനിക്കല്‍ ഡിപ്ലോമക്കാരനായ ശിവദാസന്‍ നായര്‍ 1974 മുതല്‍ 1990 വരെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. രാജിവെച്ച്‌ ദുബായ്ക്ക് പോയി. 15 വര്‍ഷം ഷിപ്പ്യാര്‍ഡില്‍ ജോലി ചെയ്തു. 2003-ല്‍ അത് വിട്ട് സ്പോണ്‍സര്‍ ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഷിപ്പ് റിപ്പയര്‍ ആന്‍ഡ് ഓയില്‍ ഫീല്‍ഡ് സര്‍വീസസ് തുടങ്ങി. അതുവരെ സമ്പാദിച്ചതുമുഴുവന്‍ ഇതിനായി മുടക്കി. എന്നാല്‍ സ്പോണ്‍സറുമായി തെറ്റി. മുടക്കുമുതല്‍ പോലും കിട്ടാതെ കോടതിയുടെ കനിവില്‍ ശമ്പളവും ഗ്രാറ്റുവിറ്റിയും മാത്രം വാങ്ങി നാട്ടിലെത്തുകയായിരുന്നു.

2012-ല്‍ നാട്ടിലെത്തിയ ശിവദാസന്‍ നായര്‍ വലിയ പ്രതീക്ഷയോടെയാണ് പത്ത് പശുക്കളുമായി ഫാം തുടങ്ങിയത്. ആളുകളില്‍നിന്ന് കടം വാങ്ങിയും ബാങ്കുകളില്‍നിന്ന് ലോണെടുത്തും 45 ലക്ഷത്തോളം രൂപ മുതല്‍മുടക്കി തുടങ്ങിയ ഫാമിന് ക്ഷീരവികസന വകുപ്പില്‍നിന്ന് കിട്ടിയത് 50,000 രൂപയുടെ സബ്സിഡി മാത്രം. പിന്നീട് 10 കിടാരി യൂണിറ്റിന് 1.96 ലക്ഷം രൂപയും സബ്സിഡി കിട്ടി. നല്ല കറവയുള്ള പശുവിനെ വാങ്ങാന്‍ കൃഷ്ണഗിരിയില്‍ പോയ ശിവദാസനെ, കറവയില്ലാത്തതും ചന പിടിക്കാത്തതുമായ പശുക്കളെ നല്‍കി അവിടത്തെ ഏജന്റ് കബളിപ്പിച്ചു.

എട്ടു ലക്ഷം മുടക്കി വാങ്ങിക്കൊണ്ടുവന്ന പത്ത് പശുക്കളില്‍ ഒന്നുപോലും പെറ്റില്ല. പിന്നീട് കൊണ്ടുവന്ന പത്ത് കിടാരികളില്‍ മൂന്നെണ്ണം മാത്രമേ പെറ്റുള്ളൂ. മീന്‍ വളര്‍ത്തലില്‍ സര്‍ക്കാര്‍ വക തിരിച്ചടിയും കിട്ടി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശപ്രകാരം മൂന്ന് ബയോഫ്‌ളോക് ടാങ്ക് നിര്‍മ്മിച്ച്‌ മത്സ്യകൃഷി തുടങ്ങി. പിന്നീടുണ്ടാക്കിയ പടുതാക്കുളത്തിന് പഞ്ചായത്ത് 28000 രൂപ സബ്സിഡി നല്‍കി.

എന്നാല്‍ ബയോഫ്‌ളോക്കിന്റെ സബ്സിഡിക്കായി ഫിഷറീസ് വകുപ്പിനെ സമീപിച്ചപ്പോള്‍ ഏഴെണ്ണമുള്ള പദ്ധതിക്കാണ് സബ്സിഡിയെന്ന് അറിയിച്ചു. ബാക്കി നാലെണ്ണം കൂടി നിര്‍മ്മിക്കാനുള്ള പണവും സ്ഥലവുമില്ലാത്തതിനാല്‍ പിന്നീട് അങ്ങോട്ട് പോയില്ല. ഇതോടെ ആറു ലക്ഷം രൂപ നഷ്ടം. 32 പശുക്കളും 10 കിടാരികളുമായി 42 എണ്ണം ഇപ്പോള്‍ ഫാമിലുണ്ട്. ഭാര്യ ലളിതയുടെ പിന്തുണ എല്ലാത്തിനുമുണ്ട്. മക്കള്‍ രണ്ടും വിദേശത്താണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button