തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാതിരിക്കുകയും ഒപ്പം മൂന്നാം തരംഗം വരികയും ചെയ്‌താൽ കേരളത്തിന് വാക്സിൻ വില കൊടുത്ത് വാങ്ങേണ്ടതായി വരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് മൂന്നാം തരംഗമുണ്ടായാൽ അതിനെ മറികടക്കാൻ വാക്സിൻ ആവശ്യമാണെന്നും ഇതിനായി ബജറ്റിൽ നീക്കിയിരുത്തിയ ആയിരം കോടി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിൽ നീക്കിയിരുത്തിയ ആയിരം കോടി എന്തുചെയ്യുമെന്ന് ക്രമപ്രശ്നത്തിലൂടെ ചോദിച്ച പി.സി. വിഷ്ണുനാഥിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
‘കോവിഡ് ഇങ്ങനെ തന്നെ തുടരുകയും മൂന്നാം തരംഗം ഉണ്ടാവുകയും ചെയ്‌താൽ കേരളത്തിന് വാക്സിൻ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയുണ്ടാകാം. അതിനാൽ ബജറ്റിൽ വാക്സിൻ വാങ്ങാൻ നീക്കിവെച്ച ആയിരംകോടി അതിനായിത്തന്നെ നിലനിർത്തുകയാണ്’, മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ക്രമപ്രശ്നം തള്ളി.
അതേസമയം, സംസ്ഥാനത്തെ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഒരാഴ്ചയായി ഇരുപത്തിനായിരത്തിലധികം പ്രതിദിന കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ടി.പി.ആറും ഉയർന്ന് തന്നെ. കഴിഞ്ഞ ദിവസം കേരളത്തിൽ മാത്രം 23,676 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ രോഗവ്യാപനത്തിന്റെ ശക്തി വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രത്യേക സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
Post Your Comments