തിരുവനന്തപുരം: കേരളത്തില്‍ പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും മന്ത്രി എംവി ഗോവിന്ദൻ. എല്ലാ ജില്ലകളിലും വിപുലമായ സ്പോര്‍ട്സ് കോംപ്ലക്സുകള്‍ നിര്‍മ്മിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശ ഭരണ പ്രദേശങ്ങളിലും ഒരു പൊതു കളിസ്ഥലം എന്ന പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ കിഫ്ബി ധനസഹായത്തോടെ 14 ജില്ലാ സ്റ്റേഡിയങ്ങളുടെയും 44 പ്രാദേശിക സ്റ്റേഡിയങ്ങളുടെയും നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 4 പഞ്ചായത്ത് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവും 8 ജില്ലാ സ്റ്റേഡിയങ്ങളുടെ ഒന്നാം ഘട്ട പ്രവൃത്തികളുടെ നിര്‍മ്മാണവും ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തുടനീളമുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും കൈവശമുള്ള സ്റ്റേഡിയങ്ങള്‍/ മൈതാനങ്ങള്‍ എന്നിവയുടെ വിവരശേഖരത്തിനുള്ള നടപടികള്‍ കായിക വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പൊതുകളി സ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ കണ്ടെത്തി പഞ്ചായത്ത് ഭൂമിയില്‍ മൈതാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments