കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാകിസ്ഥാൻ, ചൈന, ബംഗ്ളാദേശ് എന്നിവടങ്ങളിൽ നിന്നും കോളുകൾ വന്നതായി ഇബ്രാഹിം പോലീസിനോട് വെളിപ്പെടുത്തി. പാകിസ്ഥാന് മാത്രം ഇബ്രാഹിം വിറ്റത് 64 റൂട്ട് ആണ്. പാകിസ്ഥാന് സഹായം ചെയ്തു നൽകിയതിന് പ്രതിഫലമായി ലഭിച്ചത് 20 ലക്ഷമാണെന്നും പ്രതി സമ്മതിച്ചു.
ഇബ്രാഹിമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരം നിരവധി എക്സ്ചേഞ്ചുകളാണ് പ്രവർത്തിപ്പിച്ച് പോന്നിരുന്നത്. തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നതെന്ന് സൂചന. ഇബ്രാഹിം പാകിസ്ഥാന്‍കാരുമായി നടത്തിയ ചാറ്റിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ചൈനയില്‍ രണ്ട് സ്ത്രീകളുടെ പേരിലാണ് പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്.
കോഴിക്കോടിനു പുറമെ തൃശൂരും സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുൻപ് ബെംഗളൂരുവിലും ഇബ്രാഹിം സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇബ്രാഹിം 2007-ല്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയുമാണ്. ഇബ്രാഹിം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശ്ശൂരിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്മെന്റ് കണ്‍ട്രോള്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഡിഫന്‍സ് കംപ്‌ട്രോളര്‍ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം വെളിപ്പെടുത്തി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തലായിരുന്നു പ്രധാനം.
Post Your Comments