നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എന്‍.ഡി.എ അംഗത്തിന്റെ പിന്തുണയോടെ പാസായി. എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിനാല്‍ എന്‍.ഡി.എ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലേറും. പ്രസിഡന്റ് വിന്‍സി വാവച്ചനെതിരെയായിരുന്നു അവിശ്വാസം.
കെടുകാര്യസ്ഥതയും ഏകാധിപത്യവും മൂലം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും കൂടിയാലോചനകള്‍ ഇല്ലാതെ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്നും ആരോപിച്ചാണ് ഭരണം തുടങ്ങി ആറുമാസം പിന്നിടുമ്പോള്‍ അവിശ്വാസം കൊണ്ടുവന്നത്.17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് എട്ടുവീതം അംഗങ്ങളും എന്‍.ഡി.എക്ക് ഒരു അംഗവുമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അംഗം ഇരുമുന്നണികളെയും പിന്തുണക്കാതെ വന്നതോടെ നറുക്കെടുപ്പിലൂടെ ഇടതുമുന്നണി ഭരണത്തിലെത്തി.
എന്നാല്‍, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എന്‍.ഡി.എ അംഗം കോണ്‍ഗ്രസിനെ പിന്തുണച്ചു.വൈസ് പ്രസിഡന്റ് കെ.ടി. സാലിക്കെതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്ച ചര്‍ച്ചചെയ്യും. അതേസമയം, കോണ്‍ഗ്രസിന്റെ അധികാരക്കൊതി കൊണ്ട് മാത്രമാണ് കരുണാപുരം പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവന്നതെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ യു.ഡി.എഫിനായില്ലെന്നും പ്രസിഡന്റ് വിന്‍സി വാവച്ചന് പറഞ്ഞു.
അതേസമയം നിലവിലെ ഇടതു ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിലും ഫണ്ടുകള്‍ വ്യക്തികേന്ദ്രീകൃതമായി ചെലവഴിക്കുന്നതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതെന്ന് എന്‍.ഡി.എ അംഗം സി.ആര്. ബിനു പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ല ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് പിന്തുണയെന്നും വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും സമാന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments