കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്ന് നാറ്റോ സഖ്യവും യുഎസ് സൈന്യവും ഈ മാസം പൂര്‍ണമായും പിന്മാറുന്നതോടെ അഫ്ഗാനിസ്ഥാനില്‍ പൂര്‍ണമായും ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ് താലിബാന്‍. ഇപ്പോള്‍ താലിബാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭയമായി തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ പോലും ഇപ്പോഴും താലിബാനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരാന്‍ ആളുകള്‍ ഏറെയുണ്ട്.
നാല് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ നാമമാത്രമായ ജില്ലകളില്‍ മാത്രമായിരുന്നു താലിബാന് നിയന്ത്രണമുണ്ടായിരുന്നുള്ളു എന്നാണ് ബിബിസി പഠനം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗവും താലിബാന്‍ അധീനതയിലാണ്. വടക്കു-കിഴക്കന്‍ മേഖലയിലും മധ്യമേഖലയിലും കടന്നുകയറ്റം തുടരുകയാണ്. മധ്യമേഖലയായ ഗസ്നിയും മൈദാന്‍ വാര്‍ദക്കും എല്ലാം താലിബാന്‍ പിടിച്ചെടുത്തുകഴിഞ്ഞിട്ടുണ്ട്. അടുത്തതായി കുന്ദുസ്, ഹെരാത്, കാണ്ഡഹാര്‍, ലഷ്‌കര്‍ ഗാ എന്നീ മേഖലകളിലേക്കാണ് താലിബാന്‍ മുന്നേറ്റം.
സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടത്തിയത് അല്‍ ഖ്വായ്ദ ആയിരുന്നെങ്കിലും അതിന്റെ തിക്തഫലം ഏറ്റവും അനുഭവിച്ചത് താലിബാന്‍ ആയിരുന്നു. ഒസാമ ബിന്‍ലാദനേയും അല്‍ ഖ്വായ്ദ നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ച അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെതിരെ അമേരിക്കയും സഖ്യസേനകളും യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. 1996 മുതല്‍ 2001 വരെ നീണ്ട താലിബാന്‍ ഭരണം അവസാനിപ്പിച്ചതും ഇതേ യുദ്ധം തന്നെ ആയിരുന്നു.
താലിബാനെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയിട്ടും അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യങ്ങള്‍ അഫ്ഗാനില്‍ തന്നെ തുടര്‍ന്നു. പിന്നീടങ്ങോട്ടുള്ള താലിബാന്‍ വളര്‍ച്ചയെ തടഞ്ഞതില്‍ ഇതിന് നിര്‍ണായകമായ പങ്കുണ്ട്. ഒടുവില്‍ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറിയപ്പോള്‍ താലിബാന്റെ തിരിച്ചുവരവിനും ലോകം സാക്ഷ്യം വഹിക്കുകയാണിപ്പോള്‍.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുമ്പോള്‍ പാകിസ്താനും സൗദി അറേബ്യയും യുഎഇയും മാത്രമായിരുന്നു അവരുടെ സര്‍ക്കാരിനെ അംഗീകരിച്ചിരുന്നത്. ഇനി ഒരിക്കല്‍ കൂടി താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്താല്‍ അത് ലോകത്തിന് വലിയ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ഐസിസ് പരിശീലനത്തിനുള്ള ഒരു ഹബ്ബ് ആയി അഫ്ഗാനിസ്ഥാന്റെ പല മേഖലകളും മാറിയിട്ടുണ്ട്.
Post Your Comments