തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക വിതച്ച് കോവിഡ് വ്യാപനം ശക്തമായി തുടരുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുകളിലാണ്. കോവിഡ് മരണസംഖ്യ ഉയരുന്നത് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും ഒരുപോലെ തലവേദനയാകുകയാണ്.
സംസ്ഥാനത്ത് പുതുതായി 148 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 17,000 കടന്നു. ഇതുവരെ 17,103 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജൂലൈ 25നാണ് സംസ്ഥാനത്തെ ആകെ കോവിഡ് മരണം 16,000 കടന്നത്. പിന്നീടുണ്ടായ 1,000 മരണങ്ങള്‍ സ്ഥിരീകരിച്ചത് വെറും 10 ദിവസത്തിനുള്ളിലാണ് എന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 11.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടി.പി.ആര്‍ 10 ശതമാനത്തില്‍ താഴെയെത്തിക്കാനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. പുതിയ നിയന്ത്രണങ്ങള്‍ നാളെ പ്രഖ്യാപിക്കും.
സംസ്ഥാനത്ത് 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments