ബെയ്ജിങ്: ചൈനയിലെ തിയാന്‍ജിന്‍ നഗരത്തിലെ സർവകലാശാല ക്യാമ്പസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദേശിയെ അറസ്റ്റുചെയ്‌തെന്നും അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു. അതേസമയം, കുറ്റവാളി ഏതുരാജ്യക്കാരനാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ബിഹാറിലെ ഗയ സ്വദേശിയായ വിദ്യാര്‍ഥി അമന്‍ നഗ്‌സെനിനെ(20) ജൂലായ് 29-നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് അമന്‍. ഇതേ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയാണ് അമനെ കൊലപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതായും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം ചൈന തന്നെ നടത്തുമെന്നും കൊല്ലപ്പെട്ട അമന്റെ പോസ്റ്റമോര്‍ട്ടം ചൊവ്വാഴ്ച പൂര്‍ത്തിയായെന്നും അവര്‍ അറിയിച്ചു.
ജൂലായ് 30, 31 തീയതികളില്‍ ചൈനീസ് അധികൃതര്‍ കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചുവെന്നും എംബസിയുമായുള്ള ആശയവിനിമയം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കേസിന്റെ അന്വേഷണം സംബന്ധിച്ച പുരോഗതി അമന്റെ കുടുംബത്തെ അറിയിച്ചെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുവേണ്ട നടപടികള്‍ക്കായും കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുമായി ഇന്ത്യൻ എംബസി അധികൃതര്‍ തിയാന്‍ജിനിലെത്തും.
Post Your Comments